കൊവ്വപ്പുഴ പാലത്തിന് ശാപമോക്ഷം; കരാര്‍ നടപടി പൂര്‍ത്തിയായി
തൃക്കരിപ്പൂര്‍: ഉടുമ്പുന്തല കണ്ണങ്കൈയിലെ കൊവ്വപ്പുഴ പാലത്തിന് ശാപമോക്ഷമായി. പാലം പുനര്‍നിര്‍മിക്കുന്നതിന് കരാര്‍ നടപടികള്‍ പൂര്‍ത്തിയായി. കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച പ്രഭാകരന്‍ കമ്മിഷന്‍ പ്രഥമ പരിഗണന നല്‍കിയ പാലമാണ് കൊവ്വപ്പുഴ പാലം.
3.45 കോടിരൂപയാണ് പാലം നിര്‍മാണത്തിന് അനുവദിച്ചത്. പടന്ന പയ്യന്നൂര്‍ തീരദേശ റോഡിലെയും തൃക്കരിപ്പൂര്‍ പഞ്ചായത്ത് പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍ക്കും ആകെയുള്ള ആശ്രയമാണ് ഈ പാലം വഴിയുള്ള റോഡ്.
പ്രതിദിനം 23ഓളം ബസുകള്‍ ചെറുവത്തൂരിലേക്കും തിരിച്ച് പയ്യന്നൂരിലേക്കും സര്‍വിസ് നടത്തുന്നുണ്ട്. നടക്കാവ്, ബീരിച്ചേരി, വെള്ളാപ്പ് റോഡ് റെയില്‍വെ ഗേറ്റ് ഒഴിവാക്കി എളുപ്പം എത്തുന്നതിന് ഈ തീരദേശ റോഡിനെയാണ് ആശ്രയിക്കുന്നത്. കൃഷിഭൂമിയില്‍ ഉപ്പുവെള്ളം കയറുന്നത് തടയാന്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കൊവ്വപ്പുഴക്ക് തടയണ നിര്‍മിച്ചത്.
പിന്നീട് നടപ്പാലമാകുകയും പി.എം അബൂബക്കര്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് നടപ്പാലത്തിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ അവസരം ഒരുക്കുകയായിരുന്നു. പാലത്തിന്റെ മധ്യഭാഗം കുഴിഞ്ഞ് ഏതവസരത്തിലും അപകടം സംഭവിക്കാവുന്ന അവസ്ഥയിലാണ്.
അപകടാവസ്ഥയെ ഭയന്ന് പല ബസുകലും സര്‍വിസ് ഒഴിവാക്കിയിരുന്നു. കരാര്‍ നടപടി പൂര്‍ത്തിയായതോടെ പാലത്തിന്റെ പുനര്‍നിര്‍മാണം പെട്ടെന്ന് തന്നെ ആരംഭിക്കുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."