ഗ്രൂപ്പ് ഡി പരീക്ഷ ഇനി മലയാളത്തിലും എഴുതാം
തിരുവനന്തപുരം: റെയില്‍വേയിലേക്കുള്ള ഗ്രൂപ്പ് ഡി പരീക്ഷയില്‍ മലയാളം ഒഴിവാക്കിയ വിവാദതീരുമാനം റെയില്‍വേ പിന്‍വലിച്ചു. മലയാളം ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചതായി റെയില്‍വേ അറിയിച്ചു.
ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ വിയോജിപ്പ് രേഖപ്പെടുത്തി മുഖ്യമന്ത്രിയടക്കം വിഷയം റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രശ്നപരിഹാരം. തുടര്‍ന്ന് ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ മലയാളംകൂടി തിരഞ്ഞെടുക്കാന്‍ കഴിയുന്ന തരത്തില്‍ വെബ്സൈറ്റ് പരിഷ്ക്കരിച്ചു.
ഇന്ത്യന്‍ റെയില്‍വേയുടെ ഗ്രൂപ്പ് ഡി തസ്തികകളിലേക്കുള്ള പരീക്ഷക്ക് മലയാളം ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് ഇന്നലെ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് മുഖ്യമന്ത്രി കത്തയച്ചിരുന്നു. മറ്റു പ്രാദേശിക ഭാഷകളിലെല്ലാം പരീക്ഷയെഴുതാന്‍ അവസരം നല്കിയപ്പോള് മലയാളം മാത്രം ഒഴിവാക്കിയത് കേരളത്തില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളെ ബാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്നലെ രാവിലെ പത്തുവരെ മലയാളഭാഷ തിരഞ്ഞെടുക്കാന്‍ കഴിയാതെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അത് തിരുത്തുന്നതിനും അവസരം നല്‍കും. ആയിരക്കണക്കിന് ഒഴിവുകള്‍ പ്രസിദ്ധീകരിച്ചിട്ടും മലയാളം ഭാഷയായി തിരഞ്ഞെടുക്കാന്‍ അവസരമില്ലാത്തത് വലിയ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."