യൂത്ത് കോണ്‍ഗ്രസ് ഉപവാസം തുടങ്ങി
തിരുവനന്തപുരം: ശുഹൈബ് വധത്തില്‍ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ആരംഭിച്ച 48 മണിക്കൂര്‍ നിരാഹാര സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. യഥാര്‍ഥ പ്രതികളെ പിടിക്കുന്നതുവരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ഡമ്മി പ്രതികളെയാണ് പൊലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുന്ന മറ്റൊരു കൊലക്കേസിലെ പ്രതി കുറ്റസമ്മതം നടത്തിയത് പ്രതികള്‍ ഡമ്മികളാണെന്നതിനു തെളിവാണ്.
മുദ്രാവാക്യം വിളിച്ച് ശുഹൈബിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആരുടെയും മൊഴിയെടുക്കാന്‍ പൊലിസ് തയാറാവാത്തത് കൊല സി.പി.എമ്മിന്റെ അറിവോടെ നടന്നതിനു തെളിവാണ്. പ്രതികളോടൊപ്പമുള്ള മുഖ്യമന്ത്രിയുടെയും നേതാക്കളുടെയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടും കൊലപാതകത്തില്‍ സി.പി.എമ്മിനു പങ്കില്ലെന്ന് കൊടിയേരി ബാലകൃഷ്ണന് ആവര്‍ത്തിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസിനെയും സി.ആര് മഹേഷിനെയും ഷാള്‍ അണിയിച്ചാണ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്തത്. വിനോദ് യേശുദാസ് അധ്യക്ഷനായി. എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, എം. വിന്‍സന്റ്, ശബരീനാഥന്, കെ.പി.സി.സി ജന. സെക്രട്ടറി തമ്പാനൂര്‍ രവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."