വ്യാജമദ്യം: കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണം
തിരുവനന്തപുരം: വ്യാജ മദ്യവുമായി പിടിയിലാകുന്നവര്‍ക്കെതിരേ കേസെടുക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വിചിത്ര നിര്‍ദേശവുമായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. കഞ്ചാവ്, മയക്കുമരുന്ന്, വ്യാജമദ്യം എന്നിവ വില്‍പന നടത്തുന്നവരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയാല്‍ കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ജോയിന്റ് എക്‌സൈസ് കമ്മിഷണറുടെ അനുമതി വാങ്ങണമെന്നാണ് നിര്‍ദേശത്തിലുള്ളത്.
മദ്യവില്‍പന, പൊതുസ്ഥലങ്ങളിലെ മദ്യപാനം, അളവിലധികം മദ്യം കൈവശംവയ്ക്കല്‍, സ്‌കൂള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ പരിസരത്ത് ലഹരിപദാര്‍ഥങ്ങള്‍ വില്‍ക്കല്‍ തുടങ്ങിയവയിലൊന്നും നേരിട്ട് കേസെടുക്കരുതെന്നാണ് എക്‌സൈസ് കമ്മിഷണറുടെ ഉത്തരവിലുള്ളത്. കേസെടുക്കുന്നതിനേക്കാളും ശ്രദ്ധവേണ്ടത് ബോധവല്‍ക്കരണത്തിനാണ്. അത് എല്ലാസ്ഥലത്തും ഉണ്ടാകണമെന്നും കമ്മിഷണര്‍ പറയുന്നു. നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍മാരുള്ളത്. ഒരു ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ക്ക് നാലുമുതല്‍ ആറ് ജില്ലകളുടെ ചുമതലകള്‍ നിലവിലുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍ സ്റ്റേഷന്‍ പരിധിയിലെ വിവരങ്ങള്‍ ജോയിന്റ് എക്‌സൈസ് കമ്മിഷണറുടെ ശ്രദ്ധയില്‍പ്പെടുത്തി കേസെടുക്കുകയെന്നത് അപ്രായോഗികമാണെന്ന നിലപാടിലാണ് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍.
നിലവിലെ അബ്കാരി നിയമം അനുസരിച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് കേസെടുക്കാം. ഈ സാഹചര്യത്തില്‍ എക്‌സൈസ് കമ്മിഷണര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശത്തിനെതിരേ മന്ത്രിക്ക് പരാതി നല്‍കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. കേസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മാത്രമാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നാണ് കമ്മിഷണറുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."