മലയോരത്ത് വിദേശമദ്യം ഒഴുകുന്നു; പരിശോധനയില്ലാതെ എക്സൈസ് വകുപ്പ്
കുന്നുംകൈ: ജില്ലയുടെ അതിര്‍ത്തി പ്രദേശമായ ചെറുപുഴയില്‍ സ്ഥിതിചെയ്തിരുന്ന ബീവറേജ് ഔട്ട്ലെറ്റ് നിര്‍ത്തലാക്കിയതോടെ മലയോരത്ത് വിദേശ മദ്യം ഒഴുകുന്നു. വെള്ളരിക്കുണ്ട് ഔട്ട്ലെറ്റില് നിന്നും ലിറ്റര്‍കണക്കിന് മദ്യമാണ് അതിര്‍ത്തി പ്രദേശങ്ങളിലും മറ്റുമായി കടത്തിക്കൊണ്ട് പോകുന്നത്.
പുറമെ മാഹിയില്‍നിന്നും ഗോവ നിര്‍മിത മദ്യത്തിവന്റെയും വില്‍പ്പന പൊടിപൊടിക്കുകയാണ്. കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് ഔട്ട്ലെറ്റില് നിന്നും വാങ്ങി കടത്തുകയായിരുന്ന വിദേശ മദ്യം പെരിങ്ങാലയില്‍നിന്ന് കഴിഞ്ഞ ദിവസം എക്സൈസ് സംഘം പിടികൂടിയിരുന്നു. ഓട്ടോ ഡ്രൈവറായ വെള്ളരിക്കുണ്ട് സ്വദേശി ബിജു സ്കറിയയാണ് പിടിക്കപ്പെട്ടത്. ഇദ്ദേഹത്തില്‍ നിന്ന് ആറു ലിറ്റര്‍ വിദേശ മദ്യമാണ് പിടിച്ചെടുത്തത്. ചിറ്റാരിക്കല്‍, മണ്ഡപം, കാറ്റാം കവല, ചെറുപുഴ എന്നിവിടങ്ങളിലേക്ക് ദിനംപ്രതി വിദേശ മദ്യം ഒഴുകുന്നുണ്ടെന്നാണ് കണക്ക്. ഓട്ടോറിക്ഷ പോലെയുള്ള വാഹനങ്ങള്‍ ഒഴിവാക്കി ബൈക്കിലും മറ്റുമാണ് കടത്തിക്കൊണ്ട് പോകുന്നത്. ഇത് ലക്ഷ്യസ്ഥാനത്ത് എത്തിയാല്‍ ഇരട്ടി വിലയാണ് പല ഏജന്റുമാരും ഈടാക്കുന്നത്. ഇത്തരം മദ്യക്കടത്തിനെതിരേ പരിശോധന നടത്താന്‍ അധികൃതര്‍ തുനിയാത്തത് ഇവര്‍ക്ക് തുണയാകുന്നു. നിലവില്‍ നിലേശ്വരത്താണ് എക്സൈസ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മലയോരത്ത് പരിശോധന നടത്തണമെങ്കില്‍ ഇവിടെ നിന്ന് 30 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണമെന്നാണ് എക്സൈസ് അധികൃതരുടെ വാദം. പരിശോധനകള്‍ കര്‍ശനമാക്കാന്‍ മലയോരത്ത് ഒരു എക്സൈസ് ഓഫിസ് പ്രവര്‍ത്തനം തുടങ്ങണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."