മാലദ്വീപില്‍ 15 ദിവസത്തേക്കു കൂടി അടിയന്തരാവസ്ഥ നീട്ടാന്‍ നീക്കം
മാലെ: മാലദ്വീപില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 15 ദിവസത്തേക്കു കൂടി നീട്ടാന്‍ പ്രസിഡന്റ് അബ്ദുല്ല യമീന്‍ പാര്‍ലമെന്റിന്റെ അനുവാദം തേടി. രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ നീട്ടുന്നതെന്ന് യമീന്‍ പറഞ്ഞു.
ഈമാസം അഞ്ചിനായിരുന്നു പ്രതിപക്ഷ പ്രക്ഷോഭം തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമായതിനെ തുടര്‍ന്ന് മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 15 ദിവസത്തേക്കു പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലാവധി ഇന്നു തീരാനിരിക്കെയാണു പ്രഖ്യാപനം നീട്ടാന്‍ ആവശ്യവുമായി അബ്ദുല്ല യമീന്‍ രംഗത്തെത്തിയത്.
ആവശ്യം ഡെപ്യൂട്ടി പാര്‍ലമെന്ററി സെക്രട്ടറി ജനറല്‍ ഫാത്തിമത്ത് നിയൂഷ ജനപ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. 85 അംഗ പാര്‍ലമെന്റില്‍ 43 പേരുടെയെങ്കിലും പിന്തുണയില്ലാതെ പ്രഖ്യാപനം നീട്ടാനാവില്ല. നേരത്തെ കൂറുമാറിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അയോഗ്യരാക്കിയ 12 എം.പിമാരെ തിരിച്ചെടുക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതു നടപ്പാക്കിയാല്‍ പാര്‍ലമെന്റില്‍ സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെടും.
ഭീകരകുറ്റം അടക്കം ആരോപിച്ച് ജയിലിലടച്ച പ്രതിപക്ഷ നേതാക്കളെ വെറുതെവിടണമെന്ന സുപ്രിംകോടതി ഉത്തരവിനു പിറകെയാണ് അബ്ദുല്ല യമീന്‍ മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഉത്തരവ് നടപ്പാക്കാന്‍ കൂട്ടാക്കാതിരുന്ന യമീനിനെ ഇംപീച്ച് ചെയ്യാന്‍ കോടതി നീക്കം നടത്തിയിരുന്നു. അടിയന്തരാവസ്ഥയ്ക്കിടെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, മുതിര്‍ന്ന ജഡ്ജി, മുന്‍ പ്രസിഡന്റ് എന്നിവര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."