ഇറാന് യാത്രാവിമാനത്തിനായി തിരച്ചില്‍ തുടരുന്നു
തെഹ്റാന്: 66 യാത്രക്കാരുമായി തകര്‍ന്നുവീണ ഇറാന് യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന. ഇസ്ഫഹാന് പ്രവിശ്യയിലെ സെമിറോം നഗരത്തിനു തൊട്ടടുത്ത് ഡെന പര്വതത്തില്നിന്നാണു വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇറാന് സര്‍ക്കാര്‍വൃത്തങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഇറാന് ഏവിയേഷന്‍ വിഭാഗം അറിയിച്ചു. ഒറ്റ മൃതദേഹങ്ങളും ഇതുവരെ കണ്ടെത്തിയിട്ടില്ല.
അപകടം നടന്ന പ്രദേശത്ത് വിമാനാവശിഷ്ടങ്ങള്ക്കായും യാത്രക്കാര്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്. നൂറു കണക്കിനു വരുന്ന പര്‍വതാരോഹകര്‍ നായ്ക്കളെയും ഡ്രോളുകളുടെയും സഹായത്തിലാണു പര്‍വതനിരകളില്‍ തിരച്ചില്‍ നടത്തുന്നത്. കനത്ത മഞ്ഞിനെയും തണുത്ത കാറ്റിനെയും തുടര്‍ന്നുള്ള പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തിരച്ചില്‍ നടത്താനായി പുറപ്പെട്ട ഹെലികോപ്ടറുകള്‍ പാതിവഴിയില്‍ ഇറങ്ങിയിരിക്കുകയാണ്. നേരത്തെ, ഞായറാഴ്ച വൈകിട്ട് കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
ഇറാന് യാത്രാവിമാന കമ്പനിയായ അസിമന്‍ എയര്‍ലൈന്‍സിന്റെ എ.ടി.ആര് 72 വിമാനമാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ നാലരയ്ക്ക് തെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തില്‍നിന്നു യാത്രക്കാരുമായി പറന്നുയര്‍ന്നതായിരുന്നു. വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന വിമാനം 50 മിനുട്ടിനു ശേഷം റഡാറില്‍നിന്ന് അപ്രത്യക്ഷമായി. തുടര്‍ന്നാണ് ഡെന പര്‍വതത്തില്‍ പതിച്ചത്. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയത്. അപകടത്തില്‍ ആറ് ജീവനക്കാര്‍ അടക്കം വിമാനത്തിലുണ്ടായിരുന്ന 66 പേരും കൊല്ലപ്പെട്ടതായാണ് ഇപ്പോഴും കരുതപ്പെടുന്നത്.
വിമാനാവശിഷ്ടങ്ങളും യാത്രക്കാരെയും കണ്ടെത്താനായി ഇറാന് യൂറോപ്യന്‍ രാജ്യങ്ങളുടെയും ചൈന അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളുടെയും സഹായം തേടിയിട്ടുണ്ട്. ഇവിടെ ദെംഗെസ്ലു ഗ്രാമത്തിനടുത്ത് കറുത്ത നിറത്തിലുള്ള ഒരു പൊട്ട് കണ്ടെത്തിയതായി റെഡ് ക്രസന്റ് രക്ഷാ പ്രവര്‍ത്തകര്‍ വാര്‍ത്താ ഏജന്‍സിയായ ഇസ്നയോട് പറഞ്ഞു.
ഇറാനിലെ മൂന്നാമത്തെ വലിയ വിമാന കമ്പനിയാണ് അസിമന്‍ എയര്‍ലൈന്‍സ്. അപകടത്തില്‍പെട്ട വിമാനത്തിന് 25 വര്‍ഷത്തെ പഴക്കമുണ്ട്. അടുത്തിടെയായി നിരവധി വിമാനാപകടങ്ങളാണ് ഇറാനിലുണ്ടായത്. വ്യാപാര ഇടപാടുകളില്‍ നിലനില്‍ക്കുന്ന അന്താരാഷ്ട്ര ഉപരോധത്തെ തുടര്‍ന്ന് ഇറാനിലെ മിക്ക വിമാനങ്ങളും പഴയ യന്ത്രഭാഗങ്ങള്‍ ഘടിപ്പിച്ചാണ് ഇപ്പോഴും സര്‍വിസ് നടത്തുന്നത്. ആണവ പരീക്ഷണത്തെ തുടര്‍ന്ന് ഇറാനെതിരേയുള്ള അന്താരാഷ്ട്ര ഉപരോധത്തെ തുടര്‍ന്നാണ് ഇറാന് പുറത്തുനിന്ന് വിമാന സാമഗ്രികള്‍ എത്തിക്കാനാകാത്തത്.
രണ്ടാഴ്ചയ്ക്കിടെ ഏഷ്യയിലുണ്ടാകുന്ന രണ്ടാമത്തെ വിമാന അപകടമാണിത്. കഴിഞ്ഞയാഴ്ച റഷ്യയിലുണ്ടായ അപകടത്തില്‍ 71 പേര് കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."