മന്ത്രിയില്‍നിന്ന് ലൈംഗിക അതിക്രമം മുന്‍ പി.ആര്‍.ഡി ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് കുറിപ്പ് വിവാദമാകുന്നു
തിരുവനന്തപുരം: അടിയന്തര സ്വഭാവമുള്ള ഫയല്‍ ഒപ്പിടാന്‍ ചെന്ന തനിക്ക് ഒരു മന്ത്രിയില്‍നിന്ന് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ചുള്ള മുന്‍ പി.ആര്‍.ഡി ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. പബ്‌ളിക്ക് റിലേഷന്‍സ് വകുപ്പിലെ അഡീഷനല്‍ ഡയറക്ടറായി വിരമിച്ച ഉദ്യോഗസ്ഥയാണ് സര്‍വിസിലിരിക്കെ വകുപ്പ് മന്ത്രിയില്‍നിന്ന് തനിക്ക് ഉണ്ടായ കയ്‌പ്പേറിയ അനുഭവം പങ്കു വച്ചിരിക്കുന്നത്. ദിനംപ്രതി നിരവധിയാളുകള്‍ അണമുറിയാതെ വന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഭരണ സിരാകേന്ദ്രത്തില്‍നിന്ന് മാന്യനായ മന്ത്രി കാണിച്ച അവമതിയില്‍ ആടിയുലഞ്ഞപ്പോഴും, കുടുംബത്തെ ഓര്‍ത്തപ്പോഴുണ്ടായ നിസഹായതയില്‍ അവിടെ നിന്ന് ഇറങ്ങിപ്പോരാന്‍ മാത്രമെ തനിക്ക് കഴിഞ്ഞുള്ളൂവെന്നും അവര്‍ തന്റെ കുറിപ്പില്‍ വിവരിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന്: ഫയലുമായി സെക്രട്ടേറിയറ്റില്‍ മന്ത്രിയെ കാണാന്‍ ചെന്ന വൈകുന്നേരം. ഫയല്‍ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്റെ വലം കൈപ്പത്തി മേലൊരുമ്മ തന്നു. ഒരു നിമിഷം ഞെട്ടുകയും ഒരു ആഴക്കടലില്‍ പെട്ടെന്നവണ്ണം ഞാനുലയുകയും ചെയ്തു. ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല. ഒരു നിര്‍ദ്ദോഷ ഫലിതമെന്ന ഭാവേനെ പെട്ടെന്ന് രംഗമൊഴിയുകയാണ് ബുദ്ധി എന്ന് തോന്നി. ചെറുപ്പക്കാരിയായ വിധവയാണ് ഞാന്‍. ഒപ്പം നില്‍ക്കാന്‍ ആരുമില്ലാതായാല്‍ വാദി പ്രതിയായി മാറും. എന്റെ ചെറിയ രണ്ട് പെണ്‍മക്കള്‍ സങ്കടപ്പെടും.
ബാഗില്‍നിന്ന് വെറ്റ് വൈപ്‌സ് എടുത്ത് കൈ തുടച്ച് നീരസം പ്രകടമാക്കിത്തന്നെ താനിറങ്ങിപ്പോരുകയായിരുന്നെന്നും അവര്‍ പോസ്റ്റില്‍ പറയുന്നു. പിന്നീട് ഇന്നോളം അയാളെ മുഖാമുഖം കണ്ടിട്ടേയില്ലായെന്നും അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."