66ാമത് ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് നാളെ മുതല്‍ കോഴിക്കോട്ട്
കോഴിക്കോട്: വോളി സ്മാഷുകളുടെ കരുത്തുറ്റ നിമിഷങ്ങള്‍ വീണ്ടും കോഴിക്കോടിന്റെ മണ്ണില്‍ തീപടര്‍ത്തും. ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പിനായി കോഴിക്കോട് ഒരുങ്ങി. ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും സ്വപ്ന നഗരിയിലെ കാലിക്കറ്റ് ട്രേഡ്‌സ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമായാണ് കളികള്‍ നടക്കുക. ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ടീമുകള്‍ കോഴിക്കോട്ട് എത്തി. നാളെ മുതലാണ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്.
നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം വീണ്ടും ഒരു സീനിയര്‍ ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന് വേദിയാവുകയാണ്. ഇതിന് മുന്‍പ് മൂന്ന് തവണ കോഴിക്കോടും മൂന്ന് തവണ തിരുവനന്തപുരത്തും ഒരു തവണ പാലായിലും ദേശീയ സീനിയര്‍ ചാംപ്യന്‍ഷിപ്പ് വിജയകരമായി നടത്തി. കേരള പുരുഷന്‍മാര്‍ അഞ്ച് തവണയും വനിതകള്‍ പത്ത് തവണയും ദേശീയ ചാംപ്യന്‍മാരായിട്ടുണ്ട്. 28 പുരുഷ ടീമുകളും 25 വനിതാ ടീമുകളുമാണ് ഇത്തവണ മത്സരിക്കുന്നത്. ഏഷ്യന്‍ ഗെയിംസിലേക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ ചാംപ്യന്‍ഷിപ്പില്‍ നിന്നാണ് തിരഞ്ഞെടുക്കുന്നത്. ചാംപ്യന്‍ഷിപ്പിനോട് അനുബന്ധിച്ച് ഇന്ത്യക്ക് വേണ്ടി കളിച്ച കേരളത്തിലെ സീനിയര്‍ കളിക്കാരെ ആദരിക്കും. പ്രസ്തുത കളിക്കാര്‍ക്ക് കേരളത്തിലെ എല്ലാ ടൂര്‍ണമന്റുകള്‍ കാണാനുമായി പ്രിവിലേജഡ് കാര്‍ഡ് സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നല്‍കും. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ 10000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയാണ് ഒരുക്കുന്നത്. 1000 പേര്‍ക്ക് വി.ഐ.പി ഡോണര്‍ പാസും നല്‍കും. വളര്‍ന്ന് വരുന്ന കളിക്കാരുടേയും സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളുടെ സൗകര്യാര്‍ഥം വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉച്ചവരെയുള്ള കളികള്‍ തികച്ചും സൗജന്യമായിരിക്കും. ചാംപ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച ദീപശിഖാ പ്രയാണം അര്‍ജ്ജുന അവാര്‍ഡ് ജേതാവും അന്താരാഷ്ട്ര വോളിബോള്‍ താരവുമായ കെ.സി ഏലമ്മയുടെ നേതൃത്വത്തില്‍ കാഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലൂടെ സഞ്ചരിച്ച് ഇന്ന് സ്വപ്ന നഗരിയില്‍ സമാപിക്കും.
മത്സരത്തില്‍ പങ്കെടുക്കനായി ഇന്നലെ സര്‍വിസസ്, ഛത്തീസ്ഗഢ് പുരുഷ, വനിതാ ടീമുകള്‍ കോഴിക്കോട്ടെത്തി. ആന്ധ്രപ്രദേശ്, ചണ്ഡീഗഢ് ടീമുകളും ഇന്നലെ പുലര്‍ച്ചയോടെ കോഴിക്കോട്ടെത്തിയിട്ടുണ്ട്. ആരാധാന ടൂറിസ്റ്റ് ഹോമില്‍ തങ്ങുന്ന ടീമുകള്‍ നഗരത്തിലെ വിവിധ സ്‌കൂളുകളിലെ മൈതാനങ്ങളിലാണ് പരിശീലനം നടത്തുന്നത്. ആതിഥേയരായ കേരള ടീം ഇന്നലെ മത്സര വേദിയായ സ്വപ്ന നഗരിയില്‍ പരിശീലനം നടത്തി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ ടീമുകള്‍ക്ക് ഉജ്വല സ്വീകരണമാണ് സംഘാടകര്‍ ഒരുക്കിയത്. എം മെഹബൂബ്, ജനറല്‍ കണ്‍വീനര്‍ നാലകത്ത് ബഷീര്‍, എന്നിവര്‍ ചേര്‍ന്നായിരുന്നു ടീം അംഗങ്ങളെ സ്വീകരിച്ചത്. ഇന്ന് കൂടുതല്‍ ടീമുകള്‍ എത്തും.
മലയാളിക്കരുത്തില്‍ സര്‍വിസസ്
മലയാളീ താരങ്ങളുടെ മികവില്‍ സ്മാഷുകള്‍ ഉതിര്‍ക്കാന്‍ സര്‍വിസസ് ടീം. സെക്കന്തരബാദില്‍ നിന്ന് ഇന്നലെ വൈകിട്ടോടെ കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ എത്തിയ ടീമില്‍ പരിശീലകരുള്‍പ്പടെ ഏഴ് മലയാളികളുണ്ട്. രമേശാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. വടകരക്കാരന്‍ ശ്രീജിത്താണ് ടീമിന്റെ സഹ പരിശീലകന്‍. ദേശീയ ചാംപ്യന്‍ഷിപ്പില്‍ നാലാം സ്ഥാനക്കാരാണെങ്കിലും ഫെഡറേഷന്‍ കപ്പ് ജേതാക്കളായതിന്റെ ആത്മവിശ്വാസത്തിലാണ് ടീം കളിക്കാനിറങ്ങുന്നത്. തമിഴ്‌നാടും, റയില്‍വേസും ഹിമാചലും ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് സര്‍വിസസിന്റെ മത്സരങ്ങള്‍. സ്വന്തം നാട്ടില്‍ കളിക്കുന്നതില്‍ സന്തോഷിക്കുകയാണ് ടീമിലെ മലയാളി താരങ്ങള്‍. കണ്ണൂര്‍ക്കാരനായ ബിനീഷ് ഗോവിന്ദന്‍, കോഴിക്കോട്ടുകാരന്‍ സാബിത്ത്, ഇടുക്കി സ്വദേശി മനു കെ കുര്യന്‍, കോട്ടയം സ്വദേശിയും ഇന്ത്യന്‍ ജൂനിയര്‍ താരവുമായ നിയാസ്, തൃശൂര്‍ക്കാരന്‍ കിരണ്‍രാജ് എന്നിവരാണ് ടീമിലെ പ്രതീക്ഷ. സീനിയര്‍ ഇന്ത്യന്‍ താരമായ പങ്കജ് ശര്‍മയാണ് ടീമിന്റെ ചാലക ശക്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."