കണ്ടുപഠിക്കണം, തട്ടൂര്‍ മരക്കാരുടെ കൃഷിപാഠം
കോടഞ്ചേരി: വീട്ടുമുറ്റത്ത് കൃഷിചെയ്ത് വിളയിച്ച് ആവശ്യത്തിനെടുത്ത് ബാക്കിവരുന്നവ സ്വന്തം കടയില്‍ വില്‍പനയ്ക്കു വച്ച് വിഷരഹിതമായ ജീവിതം നയിക്കുകയാണ് കോടഞ്ചേരി തെയ്യപ്പാറയിലെ തട്ടൂര്‍ മരക്കാര്‍. സ്വന്തമായി പച്ചക്കറികള്‍ കൃഷി ചെയ്ത് അതിനു വിപണികൂടി കണ്ടെത്തുന്ന ഇദ്ദേഹത്തിന്റെ മാതൃക നമുക്കു കണ്ടുപഠിക്കാം.
പയര്‍, പാവല്‍, വഴുതന, കാബേജ്, ചീര, വെണ്ട, മുളക്, കുമ്പളം, തക്കാളി, പടവലം, ചോളം എന്നീ ഇനങ്ങളാണ് മരക്കാരുടെ വീട്ടുമുറ്റത്ത് വിളഞ്ഞത്. കോടഞ്ചേരി കൃഷിഭവനില്‍ നിന്നും കര്‍ഷകരില്‍ നിന്നുമായി വിത്തുകള്‍ വാങ്ങി മാസങ്ങള്‍ക്കു മുന്‍പ് വീടിന്റെ മുന്‍ഭാഗം ഹരിതാഭമാക്കുകയായിരുന്നു.
വളമായി ആട്ടിന്‍കാഷ്ടം, വേപ്പിന്‍ പിണ്ണാക്ക് എന്നിവയും ഉപയോഗിച്ചു. രാവിലെയും വൈകിട്ടും തന്റെ അടുക്കളത്തോട്ടത്തിലെ നിത്യസന്ദര്‍ശകനായും സംരക്ഷകനായും മരക്കാരുണ്ട്. പൂര്‍ണമായും ജൈവ കീടരോഗ നിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിച്ചാണ് കൃഷി. അതിനാല്‍ കീടങ്ങളുടെ ശല്യവും കുറവാണെന്ന് മരക്കാര്‍ പറയുന്നു. പുറമെ അര ഏക്കറിനടുത്ത് വാഴക്കൃഷി, ആട്, മുട്ടക്കോഴി വളര്‍ത്തല്‍, കോഴിയെ വളര്‍ത്തി വിപണനം എന്നിവയും ഇതോടൊപ്പം ചെയ്തുവരുന്നു.
ശരാശരി നൂറിനടുത്ത് കോഴികളെ ഇങ്ങനെ വളര്‍ത്തി വില്‍ക്കുന്നുണ്ട്. മുട്ടകള്‍ സ്വന്തം കടയിലൂടെ വില്‍ക്കുകയാണ് ചെയ്യുന്നത്. പ്രധാന റോഡിനു സമീപമായതിനാല്‍ കൃഷി മറ്റുള്ളവര്‍ക്കും പ്രചോദനമായി മാറുന്നുണ്ട്. കൃഷിയിടത്തിലെ ഉല്‍പന്നങ്ങള്‍ കടയില്‍ വില്‍ക്കാന്‍ കഴിയുന്നതു മാത്രമല്ല, സമീപത്തുള്ള വിദ്യാലയത്തില്‍ ഉച്ചഭക്ഷണത്തിനു നല്‍കാന്‍ കഴിയുന്നത് കര്‍ഷകനെന്ന നിലയില്‍ സന്തോഷം പകരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.
കോടഞ്ചേരി കൃഷിഭവന്റെ 'നല്ല കൃഷിമുറകള്‍' പദ്ധതിയില്‍ ഉള്‍പ്പെട്ട ഇദ്ദേഹത്തിന് കൃഷി ഓഫിസര്‍ കെ.എ ഷബീര്‍ അഹമ്മദ്, മറ്റ് ഉദ്യോഗസ്ഥര്‍ ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."