മജീദ് മാസ്റ്ററുടെ ഇടനെഞ്ചിലുണ്ട് കൈപ്പന്തുകളിയാവേശം
ആയഞ്ചേരി: വടക്കേ മലബാറുകാരുടെ പ്രിയപ്പെട്ട കായികമാമാങ്കമായ കൈപ്പന്തുകളിയെ നേഞ്ചോട് ചേര്‍ത്തവരില്‍ ശ്രദ്ധേയനാണ് മജീദ് മാസ്റ്റര്‍. വോളിബോള്‍ പ്രാതാപത്തിന്റെ മങ്ങാത്ത ഓര്‍മകള്‍ അദ്ദേഹത്തിനുണ്ട്.
കടത്തനാടിന്റെ വൈകുന്നേരങ്ങളെ സമ്പന്നമാക്കിയ വോളിബോളിന് ഇപ്പോള്‍ സംഭവിച്ച അപചയത്തെ കുറിച്ച് പറയുമ്പോള്‍ മജീദ് മാസ്റ്റര്‍ക്കുള്ളത് നിരാശ മാത്രം. കളി സ്ഥലം ഇല്ലാതായതും വോളി നിയമങ്ങള്‍ മാറി റാലി സിസ്റ്റത്തിലേക്കു വന്നതും കളിക്കു മങ്ങലേല്‍പ്പിച്ചുവെന്ന് മൂന്നു പതിറ്റാണ്ടിലധികം കായികാധ്യാപകനായും സേവനമനുഷ്ഠിച്ച മാസ്റ്റര്‍ പറയുന്നു.
മലബാറിലെ പ്രത്യേകിച്ചും കടത്തനാട്ടിലെ കൊയ്ത്തു കഴിഞ്ഞ നെല്‍വയലുകളില്‍ ഒരു കാലത്ത് ഉയര്‍ന്നുവന്ന സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും ഉണര്‍ത്തു പാട്ടായിരുന്നു വോളി ടൂര്‍ണമെന്റുകള്‍.
സംസ്ഥാന താരങ്ങളായ കളത്തില്‍ മുകുന്ദന്‍, ടി.പി രാധാകൃഷ്ണന്‍, ടി.പി മുസ്തഫ, കെ.വി ഭാസി, പി. രാജീവന്‍, കുഞ്ഞിരാമേട്ടന്‍, സി. ശ്രീനിവാസന്‍, കെ.കെ ശ്രീധരന്‍, റയില്‍വേ താരം ടൈഗര്‍ മൊയ്തു, ഇബ്രാഹിം വില്യാപ്പള്ളി, കെ. രാമ നാരായണന്‍, കുഞ്ഞാലിക്കുട്ടി, അരൂര്‍ പപ്പന്‍, റയില്‍വേ താരം ദാമോദരന്‍, ബോംബെ ഇന്‍കം ടാക്‌സ് താരം പി.കെ പ്രകാശന്‍, കസ്റ്റംസ് താരം ഷെഹിം കെ.പി പൊലിസ് താരങ്ങളായ കെ. മൂസ്സ, യാസര്‍ അറഫാത്ത് തുടങ്ങിയവര്‍ അക്കാലത്ത് വിവിധ ക്ലബുകളിലൂടെ കളിച്ചു വളര്‍ന്നവരായിരുന്നു.
വൈകുന്നേരങ്ങളില്‍ നടന്നിരുന്ന വോളി ടൂര്‍ണമെന്റുകള്‍ ഇന്നു രാത്രികളിലാണ് നടക്കാറുള്ളത്. അതിലാണെങ്കില്‍ പ്രൊഫഷനല്‍ കളിക്കാര്‍ മാത്രമാണ് അണിനിരക്കുക. ഇത് പുതിയ കളിക്കാര്‍ക്ക് അവസരം നഷ്ടപ്പെടാന്‍ ഇടയാക്കുന്നുണ്ട്. കടത്താനാടിന്റെ വോളി മത്സരത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന മത്സരമായിരുന്നു 1982-ല്‍ നടന്ന ഓള്‍ ഇന്ത്യാ ടൂര്‍ണമെന്റില്‍ കേരള പൊലിസും ശ്രീറാം കോട്ട രാജസ്ഥാന്‍ ടീമും തമ്മില്‍ നടന്ന അഞ്ച് സെറ്റ് പോരാട്ടം.
കാണികളെ ഒന്നടങ്കം ത്രസിപ്പിച്ച മത്സരത്തില്‍ കേരളത്തിനു വണ്ടി ജിമ്മി ജോര്‍ജ്, കെ. മൂസ്സ, എസ്. ഗോപിനാഥ്, ജോസ് ജോര്‍ജ് തുടങ്ങിയവരും ശ്രീറാം കോട്ടക്കു വേണ്ടി ലാല്‍ജി, സുരേഷ് മിശ്ര, ശ്യാം സുന്ദര്‍ റാവു എന്നീ പ്രഗത്ഭ താരങ്ങളും കളത്തിലിറങ്ങി. ടൂര്‍ണമെന്റിന്റെ മുഖ്യസംഘാടകന്‍ നാഷനല്‍ വോളിയുടെ റഫറി കൂടിയായ വാസു മാസ്റ്റര്‍ ആയിരുന്നു.
ദേശീയ വോളി കോഴിക്കോട്ട് വീണ്ടുമെത്തിയത് ആവേശകരമാണ്. പുതിയ തലമുറയെ കൈപ്പന്തുകളിയുടെ പഴയ കരുത്തിലേക്കു കൊണ്ടുപോകാന്‍ അതു സഹായിക്കുമെന്ന് മുന്‍ ദേശീയ വോളി റഫറി കൂടിയായ മജീദ് മാസ്റ്റര്‍ കരുതുന്നു. അറക്കിലാട് സ്വദേശിയായ മജീദ് മാസ്റ്റര്‍ വടകര സ്‌പോട്‌സ് ക്ലബിലൂടെ വളര്‍ന്ന് കെ.ആര്‍.എസ്, ഗ്വാളിയോര്‍ റയോണ്‍സ്, പാരഡൈസ്, തുടങ്ങിയ ക്ലബുകള്‍ക്കായി കളിച്ചു. ദേശീയ സ്‌കൂള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ജഴ്‌സിയണിഞ്ഞു. ദേശീയ വോളി കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കടമേരി റഹ്മാനിയ്യ എച്ച്.എസില്‍ കായികാധ്യാപകനായി പിന്നീട് സര്‍ക്കാര്‍ സര്‍വിസിലേക്ക് മാറി. 2016 ല്‍ മടപ്പള്ളി ഗവ. ബോയ്‌സ് സ്‌കൂളില്‍ നിന്ന് വിരമിച്ചു. ഇപ്പോള്‍ ശ്രീ നാരായണ കോളജില്‍ വോളിബോള്‍ കോച്ചായി വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."