അടയ്ക്കാ പാള പുതുജീവനമാര്‍ന്ന് എത്തുന്നു ചന്തകളിലും ഷോപ്പിംഗ് മാളുകളിലും
കാട്ടാക്കട: പ്ലാസ്റ്റിക്ക് കാരിബാഗുകള്‍ക്ക് നിരോധിക്കുകയും സമൂഹം അതിനോട് വിടപറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ മലയോരങ്ങളിലും പട്ടണ പ്രദേശങ്ങളിലും ഇപ്പോള്‍ പാള സഞ്ചികള്‍ക്ക് വന്‍ ഡിമാന്റ്. മലയോരങ്ങളിലെ ചന്തകളിലും തലസ്ഥാനത്തെ ചില ഷോപ്പിങ് മാളുകളിലും പ്രിയംകരമായി മാറുകയാണ് ഇവ.
ഒരു കാലത്ത് കമുകിന്‍പാളയായിരുന്നു പ്രിയപ്പെട്ടവന്‍. വീട്ടിലേയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനും ചന്തയില്‍ നിന്നും മീന്‍ വാങ്ങുന്നതിനും ഒക്കെ ഇതിനെയാണ് ആശ്രയിച്ചിരുന്നത്. ചന്തകളില്‍ പാളകള്‍ക്കായി പ്രത്യേക കടകള്‍ തന്നെ ഉണ്ടായിരുന്നു. കുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍ പോലും പാളയെയാണ് തിരഞ്ഞെടുത്തിരുന്നത്. കര്‍ഷര്‍ക്ക് പാളതൊപ്പി, കുട്ടികള്‍ക്ക് കളിക്കാന്‍ പാളവണ്ടി അങ്ങിനെ പലതും നാട്ടുകാരുടെ ഓര്‍മ്മയില്‍ നിലനില്‍ക്കുകയായിരുന്നു.
ഇതിനിടെയാണ് പ്ലാസ്റ്റിക് യുഗം ഇടിച്ചുകയറുന്നത്. ക്യാരിബാഗുകള്‍ സര്‍വയിടത്തും ഇടിച്ചു കയറി. മഴയത്ത് പോലും ഇവ ഉപയോഗിക്കാമെന്ന് വന്നതോടെ പാളകളോട് ആളുകള്‍ വിടപറഞ്ഞു. ഒരു കാലത്ത് അടക്ക തിരുവിതാംകൂറിലെ പ്രധാന കൃഷിയായിരുന്നുവെന്ന് ടി.കെ വേലുപ്പിള്ളയുടെ ട്രാവന്‍കൂര്‍ സര്‍വ്വേ എന്ന ഗ്രന്ഥം പറയുന്നു. തിരുവിതാംകൂറില്‍ നിന്നും വിദേശികള്‍ അടക്ക കൊണ്ടു പോയതായും ഗ്രന്ഥം പറയുന്നു.
ഇപ്പോള്‍ കമുക് കൃഷി പോലും അന്യം വന്നു തുടങ്ങിയതോടെ പാളകള്‍ കിട്ടാത്ത നിലയിലുമായി. പ്ലാസ്റ്റിക് വരുത്തുന്ന ദോഷങ്ങള്‍ ശാസ്ത്രലോകം പുറത്ത് വിട്ടതോടെ സര്‍ക്കാര്‍ അവ നിരോധിച്ചു. തുടര്‍ന്നാണ് പാളകളിലേയ്ക്ക് ഒരു മടക്കയാത്ര വന്നിരിക്കുന്നത്. പുതു സമൂഹവും പഴയ സമൂഹവും പാളകൂടുകള്‍ വാങ്ങുന്നുണ്ട്. കാട്ടാക്കട പോലുള്ള ചന്തകളിലും മറ്റ് ചെറു ചന്തകളിലും പാളസഞ്ചികള്‍ വന്നു തുടങ്ങി. ഇവ വ്യാപകമായി മാറിയതോടെ പാള ശേഖരണം നാട്ടിന്‍ പുറത്തെ ഒരു വരുമാന മാര്‍ഗവുമായി. പാലൈക്കോളം സ്വദേശി കമലമ്മ തന്റെ രാവിലെത്തെ യാത്ര തുടങ്ങുന്നത് പാള ശേഖരിക്കാനാണ്. ക്രമേണ പാള എന്ന പ്രകൃതിയോട് ചേര്‍ന്നുള്ള യുഗവും തിരിച്ചു വരും എന്നാണ് കമലമ്മ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."