ഗൗരി നേഘയുടെ മരണം: പ്രിന്‍സിപ്പലിനെ മാനേജ്‌മെന്റ് നീക്കി
കൊല്ലം: ഗൗരി നേഘയുടെ മരണത്തില്‍ വിവാദമായ ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ എന്‍.ഒ.സി അടുത്ത അധ്യയന വര്‍ഷം മുതല്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ,തിടുക്കപ്പെട്ട് സ്‌കൂള്‍മാനേജ്‌മെന്റ് പ്രിന്‍സിപ്പലിനെ സ്ഥാനത്തു നിന്നും ഇന്ന് നീക്കി. ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സില്‍വി ആന്റണിക്ക് പകരം ചുമതല നല്‍കുകയും ചെയ്തു. കുറ്റാരോപിതരായ അധ്യാപികമാരെ ആഘോഷപൂര്‍വം തിരികെയെടുത്ത പ്രിന്‍സിപ്പലിന്റെ നടപടിയെ മാനേജ്‌മെന്റും കുറ്റപ്പെടുത്തിയിരുന്നെങ്കിലും പ്രിന്‍സിപ്പലിനെ മാറ്റാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് കൊല്ലം വിദ്യാഭ്യാസ ഡെ.ഡയറക്ടര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാണമെന്നുള്ള റിപ്പോര്‍ട്ട് നല്‍കിയത്.
സ്‌കൂളിന് എന്‍.ഒ.സി നല്‍കിയ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ സ്‌കൂള്‍ മാനേജ്‌മെന്റ് വെല്ലുവിളിക്കുന്നതായും സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഒരു കൂട്ടം അധ്യാപകര്‍ നയിക്കുന്ന സ്‌കൂളിലെ ക്ലാസുകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാത്തത് സമൂഹത്തിന് ആപത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൗരിയുടെ മരണത്തില്‍ കുറ്റാരോപിതരായ അധ്യാപികമാരായ സിന്ധു പോള്‍, ക്രസന്റ നെവിസ് എന്നിവരെ സസ്പന്‍ഡ് ചെയ്ത കാലയളവ് ശമ്പളത്തോടുള്ള ലീവാക്കിയും കേക്ക് മുറിച്ചും പൂക്കള്‍ നല്‍കിയും സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ ഷെവലിയര്‍ ജോണ്‍ തന്നെ മുന്‍കൈയെടുത്തിരുന്നു. ഇത് ചോദ്യം ചെയ്തും അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ടും വിദ്യാഭ്യാസവകുപ്പ് മൂന്ന് നോട്ടീസ് നല്‍കിയിട്ടും സ്‌കൂള്‍ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചിരുന്നില്ല.
ഗൗരിയുടെ മരണത്തിനു ശേഷം ആഘോഷങ്ങള്‍ വേണ്ടെന്ന തീരുമാനം അട്ടിമറിച്ചതിനെ ന്യായീകരിച്ച പ്രിന്‍സിപ്പലിന്റെ നിലപാടിനെതിരെ വിദ്യാര്‍ഥി യുവജന പ്രതിഷേധം ഉയരാനും ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന്റെ പ്രവര്‍ത്തനം തടസപെടാനും ഇടയാക്കിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ചികിത്സയിലായതു മൂലവും തന്നെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാണ് ഷെവലിയാര്‍ ജോണിന്റെ ആവശ്യം. ഇക്കാര്യത്തില്‍ ഗവേണിംഗ് ബോഡിയുടെ തീരുമാനത്തിനും നിയമോപദേശത്തിനുമായി കാത്തിരിക്കുന്നുവെന്നാണ് നടപടി സ്വീകരിക്കണ്ട മാനേജര്‍ നല്‍കിയ മറുപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലിനെ വര്‍ഗീയമായി കാണുകയും വിദ്യാര്‍ഥികളിലും പൊതുസമൂഹത്തിലും സ്പര്‍ധയും അരാജകത്വവും പടര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പ് ശ്രമിച്ചെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് രൂക്ഷമായ ഭാഷയില്‍ ആരോപിച്ചത് ഒട്ടും അംഗീകരിക്കുന്നില്ലെന്നും ഇക്കാരണത്താല്‍ അടുത്ത അധ്യയനവര്‍ഷം സ്‌കൂളിന്റെ എന്‍.ഒ.സി റദ്ദ് ചെയ്യണമെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കുറ്റക്കാരായ അധ്യാപികമാരെ തിരിച്ചെടുത്തതിനു പുറമേ അവര്‍ക്ക് സസ്‌പെന്‍ഷന്‍ കാലയളവിലെ ശമ്പളവും നല്‍കിയിരുന്നു.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട അധ്യാപികമാരുടെ സസ്‌പെന്‍ഷന്‍ കാലയളവ് അവധിയായി കണക്കാക്കാനാണ് സ്‌കൂള്‍ മാനേജ്‌മെന്റ ശമ്പളം നല്‍കിയത്. ഇത് വിവാദമായതോടെയാണ് വിദ്യാഭ്യാസവകുപ്പ് രംഗത്തെത്തിയത്. വിവാദമായ നടപടികള്‍ക്ക് നേതൃത്വം നല്‍കിയ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ക്ക് നോട്ടീസയച്ചിരുന്നു. അറുപത് വയസു കഴിഞ്ഞും പ്രിന്‍സിപ്പല്‍ ചുമതലയില്‍ തുടരുന്നത് ശരിയല്ലെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ തന്നെ മാറ്റാന്‍ സര്‍ക്കാരിനല്ല, മറിച്ച് സ്‌കൂള്‍ മാനേജര്‍ക്കാണ് അധികാരമെന്നായിരുന്നു പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയത്. ഇതേ തുടര്‍ന്നാണ് കര്‍ശന നടപടികളുമായി മുന്നോട്ടുപോകാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."