ജനങ്ങളെ വട്ടം കറക്കി ദീപശിഖാ പ്രയാണം: ദേശീയപാതയില്‍ വാഹനങ്ങള്‍ കുടുങ്ങിയത് മണിക്കൂറുകള്‍
മലപ്പുറം: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ അതിര്‍ത്തിയായ വൈദ്യരങ്ങാടിയില്‍നിന്നാരംഭിച്ച ദീപശിഖാപ്രയാണം ജനങ്ങളെ വട്ടം കറക്കി. മൂന്ന് മണിക്കൂറാണ് വാഹനങ്ങള്‍ ദേശീയപാതയില്‍ കുടുങ്ങിയത്. രാവിലെ ആരംഭിച്ച പ്രയാണം മലപ്പുറത്തെത്തുമ്പോള്‍ മൂന്ന് മണിയായിരുന്നു. ഈ സമയത്തിനിടെ ചുരുക്കം വാഹനങ്ങള്‍ക്കുമാത്രമെ കടന്നുപോകാന്‍ അവസരം ലഭിച്ചുള്ളൂ.
ഗതാഗത തടസം നിയന്ത്രിക്കാന്‍ പൊലിസോ പാര്‍ട്ടി വളണ്ടിയര്‍മാരോ സംവിധാനങ്ങളൊന്നുമൊരുക്കിയിരുന്നില്ല. ദീപശിഖാപ്രയാണം കടന്നുപോകുമ്പോള്‍ ഗതാഗത തടസ്സമുണ്ടാകുമെന്നറിഞ്ഞിട്ടും പൊലിസ് ജാഗ്രത പുലര്‍ത്താതിരുന്നത് ജില്ലാ ട്രാഫിക് പൊലിസിന്റെ പിടിപ്പുകേടിനെയാണ് ചൂണ്ടിക്കാട്ടുന്നത്. ദീപശിഖാ പ്രയാണത്തിലെ അംഗങ്ങള്‍ മാറുന്ന സ്ഥലങ്ങളില്‍ മാത്രമാണ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ അവസരം ലഭിച്ചത്. രാവിലെ 10.45ന് കോഴിക്കോട് നിന്ന് മലപ്പുറത്തേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് മലപ്പുറത്തെത്തിയത്. 2.30നാണ്. ഒന്നര മണിക്കൂര്‍ കൊണ്ട് എത്തേണ്ട ബസാണിത്. ഇതിനുമുമ്പ് പുറപ്പെട്ട ബസുകളുടെ സ്ഥിതിയും മറിച്ചല്ല. ഇതുമൂലം വഴിയില്‍ ബസിനായി കാത്തുനിന്നവരെല്ലാം വെട്ടിലായി. ബസ് സമരത്തില്‍ നട്ടം തിരിഞ്ഞുനില്‍ക്കുന്ന ജനത്തിനുമേലുള്ള ഇരട്ടടിയായി മാറുകയായിരുന്നു ദീപശിഖാ പ്രയാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."