ജസ്റ്റിസ് ദിനേശന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനും കാംപസില്‍ സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും നിയമനിര്‍മാണം ശുപാര്‍ശ ചെയ്യുന്ന ജസ്റ്റിസ് കെ.കെ ദിനേശന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു.
കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് രൂപീകരിച്ച കമ്മിഷന്‍ കഴിഞ്ഞ ഒക്ടോബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ കര്‍ശന നടപടികള്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് വിരമിച്ച പരിചയസമ്പന്നരായ അധ്യാപകരെ കോളജുകള്‍ക്ക് നിയോഗിക്കാം.
അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയില്‍ വിട്ടുവീഴ്ച പാടില്ല. മാനേജ്‌മെന്റുകള്‍ എ.ഐ.സി.ടി.ഇ, യു.ജി.സി മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. സ്വാശ്രയ കോളജുകളിലെ പ്രവേശനത്തിനു നിലവിലെ രീതി തുടരാം. എന്‍ട്രന്‍സ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ പട്ടികയില്‍നിന്ന് കോളജുകള്‍ക്കു പ്രവേശനം നടത്താം. എന്നാല്‍, വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ കോളജ്, സര്‍വകലാശാലാ തലങ്ങളില്‍ പുതിയ സമിതിയെ നിയോഗിക്കണം.
കാംപസുകളില്‍ ആയുധം കൈവശംവയ്ക്കാതെ സമാധാനപരമായി നടത്തുന്ന സത്യഗ്രഹമോ സമരമോ തടയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അംഗീകൃത വിദ്യാര്‍ഥി സംഘടനകളെ മാത്രം കാംപസിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമോയെന്നത് സര്‍ക്കാര്‍ തീരുമാനിക്കണം. വിദ്യാര്‍ഥി രാഷ്ട്രീയത്തിന് പരിധി ഏര്‍പ്പെടുത്താന്‍ മാനേജ്‌മെന്റുകള്‍ക്ക് അധികാരമില്ല. ഇതു നിയമനിര്‍മാണത്തിലൂടെയേ സാധ്യമാവൂ. സ്വാശ്രയ കോളജുകളിലെ അധ്യാപകര്‍ക്കു സംഘടന രൂപീകരിക്കാനും നിയമനിര്‍മാണം അത്യാവശ്യമാണ്. കോളജുകളില്‍ അധ്യാപക രക്ഷാകര്‍തൃ സമിതികള്‍ (പി.ടി.എ) രൂപീകരിക്കേണ്ടത് നിര്‍ബന്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാമ്പാടി നെഹ്‌റു എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെ തുടര്‍ന്നാണ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് കെ.കെ ദിനേശന്‍ അധ്യക്ഷനായ മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ.കെ.എന്‍ കുറുപ്പ്, പ്രൊഫ. ആര്‍.വി.ജി മേനോന്‍ തുടങ്ങിയവരായിരുന്നു കമ്മിഷനിലെ മറ്റ് അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."