കേരളാ ബാങ്ക് അപേക്ഷ ലഭിച്ചില്ലെന്ന് ആര്‍.ബി.ഐ; നല്‍കിയെന്ന് സര്‍ക്കാര്‍
തൊടുപുഴ: കേരളാ ബാങ്കിനുള്ള അപേക്ഷ റിസര്‍വ് ബാങ്കിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രിയടക്കം ആവര്‍ത്തിക്കുമ്പോഴും ഇതുസംബന്ധിച്ച് യാതൊരു വിവരവും ഇല്ലെന്ന് ആര്‍.ബി.ഐ. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്.
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കേരളാ ബാങ്ക് ഓണത്തിന് നിലവില്‍വരുമെന്നും നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയനും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും സഹകരണ കോണ്‍ഗ്രസിലടക്കം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം പി.കെ ബഷീര്‍ എം.എല്‍.എ ഇതുസംബന്ധിച്ച് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ റിസര്‍വ് ബാങ്കിന്റെ പ്രാഥമികാനുമതി തേടിയിരിക്കുകയാണെന്നാണ് സഹകരണ മന്ത്രി മറുപടി നല്‍കിയത്.
കേരളാ ബാങ്കിന് ലൈസന്‍സ് ലഭിക്കാനായി ചീഫ് സെക്രട്ടറി ആര്‍.ബി.ഐക്ക് സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളുടെ പകര്‍പ്പുമാണ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. അപേക്ഷയുടെയും ലൈസന്‍സിന്റെയും നിലവിലെ അവസ്ഥയും ചോദിച്ചിരുന്നു. എന്നാല്‍, ഇന്നലെ റസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ച മറുപടിയില്‍ നിര്‍ദ്ദിഷ്ട കേരളാ കോ ഓപറേറ്റീവ് ബാങ്ക് സംബന്ധിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാന- ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരെയും പൊതുസമൂഹത്തെയും സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആക്ഷേപം ശക്തമാകുകയാണ്. കേരളാ ബാങ്കിനുള്ള അപേക്ഷ പരിഗണിച്ചാല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ കക്ഷിചേര്‍ത്ത് ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് കേരള ഡിസ്ട്രിക്ട് കോഓപറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."