നാട്ടുകാരെ ഭീതിയിലാക്കി പട്ടാളപ്പുഴുക്കള്‍
എരുമപ്പെട്ടി: വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ നാട്ടുകാരെ ഭീതിയിലാക്കി പട്ടാളപ്പുഴുക്കള്‍ വിലസുകയാണ്. പുഴുശല്യം കൊണ്ട് വീടും നാടും ഉപേക്ഷിച്ചു പോകാന്‍ തയ്യാറായി നില്‍ക്കുകയാണ് തദ്ദേശവാസികള്‍. വേലൂര്‍ പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും പുഴുക്കളെ കൊണ്ട് നിറഞ്ഞിരിക്കുന്നു തയ്യൂര്‍ മാരാംപുരത്ത് രാമചന്ദ്രന്‍,നടുവീട്ടില്‍ ഷണ്‍മുഖന്‍,നടുവീട്ടില്‍ നാരായണന്‍,പുത്തന്‍ വീട്ടില്‍ രാജന്‍ എന്നിവരുടെ വീടുകളിലാണ് പുഴുശല്യം രൂക്ഷമായിട്ടുള്ളത്.
കിണറുകളിലും അടുക്കളയിലെ പാത്രങ്ങള്‍ക്കിടയിലും കിടപ്പ് മുറികളിലും പുഴുക്കളുടെ ശല്ല്യമാണെന്ന് പരിസരവാസികള്‍ പറയുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള സമയങ്ങളില്‍ പത്തോ പതിനഞ്ചോ തവണയാണ് പട്ടാളപുഴുക്കളെ വീട്ടില്‍ നിന്നും അടിച്ച് വാരിക്കളയുന്നത്.പ്രദേശത്തെ മുഴുവന്‍ കിണറുകളിലും ജീവനുള്ളവയും അല്ലാത്തതുമായ പുഴുക്കളുള്ളതിനാല്‍ കുടിക്കാനുള്ള വെള്ളം ദൂരെയുള്ള വീടുകളില്‍ നിന്നും കൊണ്ടുവരികയാണ് ചെയ്യുന്നത്.തേക്ക് മരങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്.തേക്കിന്റെ ഇലയാണ് പട്ടാളപുഴുക്കള്‍ ഭക്ഷിക്കുന്നത്.അതുകൊണ്ട് തന്നെ പ്രദേശത്തെ പറമ്പുകളിലെ തേക്കുകളില്‍ ഒരിലപോലും ഇപ്പോള്‍ അവശേഷിക്കുന്നുമില്ല.
വീടുകളുടെ സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ പറമ്പുകളില്‍ നില്‍ക്കുന്ന തേക്കുമരങ്ങളില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന പട്ടാളപുഴുക്കളെ നശിപ്പിക്കാന്‍ ഒരുമാര്‍ഗം കാണാതെ വലയുകയാണ് നാട്ടുകാരിപ്പോള്‍.പട്ടാളപുഴുക്കളുടെ ശല്യംമൂലം സ്വന്തം നാടും വീടും ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയാണുള്ളതെന്നും തങ്ങളുടെ ദുരിതം ബന്ധപ്പെട്ട ആധികൃതര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."