ശുഹൈബിനെ വെട്ടിക്കൊന്നത് നാല് സി.പി.എം പ്രവര്‍ത്തകരെന്ന് പൊലിസ്
കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊന്നത് നാല് സി.പി.എം പ്രവര്‍ത്തകര്‍ ചേര്‍ന്നെന്ന് പൊലിസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരായ തില്ലങ്കേരി വഞ്ഞേരിയിലെ എം.വി ആകാശ്, കരുവള്ളിയിലെ റിജിന്‍ രാജ് എന്നിവരെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് നാലുപേരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നതെന്നും എല്ലാവരും സി.പി.എം പ്രവര്‍ത്തകരാണെന്നും പൊലിസ് വ്യക്തമാക്കുന്നത്. എടയന്നൂര്‍ സ്‌കൂളിലെ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഐ.പി.സി 341, 324,307,302, എക്‌സ്‌പ്ലോഷര്‍ ആക്ട് എന്നിവ പ്രകാരമാണ് നാലുപേര്‍ക്കുമെതിരേ ക്രൈം നമ്പര്‍ 20218 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തെരൂരിലെ 'ഉറി' എന്ന ചായക്കടയില്‍ ഇരിക്കുകയായിരുന്ന ശുഹൈബ് ഉള്‍പ്പെടെയുള്ള മൂന്നുപേരെ നമ്പര്‍ പതിക്കാത്ത വെളുത്ത നിറമുള്ള കാറില്‍ എത്തിയ സി.പി.എമ്മുകാരായ ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍ വാള്‍, ബോംബ് എന്നിവയുമായി വന്ന് തടഞ്ഞുവച്ച് ബോംബ് എറിയുകയും വാളുകൊണ്ട് ശുഹൈബിനെ വെട്ടിക്കൊല്ലുകയുമായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. തടയാന്‍ചെന്ന മറ്റുള്ളവരെയും ബോംബറിഞ്ഞ് വെട്ടിക്കൊല്ലണമെന്ന ഉദ്യേശ്യത്തോടെ പരുക്കേല്‍പ്പിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
സൈബര്‍ സെല്ലിന്റെ സഹായത്താല്‍ ഒരു ലക്ഷം ഫോണ്‍ കോളുകള്‍ പരിശോധന നടത്തുകയും മറ്റ് ശാസ്ത്രീയ അന്വേഷണം നടത്തിയതിലൂടെയുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവര്‍ക്കായി റെയ്ഡ് നടത്തുമ്പോള്‍ മാലൂര്‍ സബ് സ്‌റ്റേഷനടുത്തുള്ള കോളനി റോഡരികില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിന്റെയടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ 18ന് രാവിലെ ഏഴിനാണ് ആകാശിനെയും റെജില്‍ രാജിനെയും കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തതില്‍ കൊലയില്‍ മറ്റ് പ്രതികളുടെ സഹായമുണ്ടെന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
മട്ടന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്ത ഇവരെ വിശദമായ ചോദ്യം ചെയ്യലിനായി പൊലിസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്ന് ഇവരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും. ശുഹൈബിനൊപ്പമുണ്ടായിരുന്ന രണ്ടുപേരും അക്രമത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ്.
അതിനിടെ, സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നാലുപേരെ കൂടി പൊലിസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒരാള്‍ സി.പി.എം ജില്ലാ നേതാവിന്റെ ബന്ധുവും മറ്റൊരാള്‍ എസ്.എഫ്.ഐ ജില്ലാ നേതാവിന്റെ ബന്ധുവുമാണ്. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളെ കുറിച്ചും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടു വാഹനങ്ങളിലായിട്ടാണ് കൊലയാളി സംഘം രക്ഷപ്പെട്ടത്. വയനാടു ഭാഗത്തേക്കാണ് വാഹനം പോയതെന്നും സൂചനയുണ്ട്. പ്രാദേശിക നേതാക്കളെ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം നടത്തുന്നത്.
കൂടുതല്‍ പ്രദേശിക നേതാക്കള്‍ക്ക് പങ്കുണ്ടെന്ന വിലയിരുത്തലിലാണ് പൊലിസ്. അതേസമയം, ഇപ്പോള്‍ അറസ്റ്റിലായ ആകാശ് കൊലയാളി സംഘത്തിലില്ലായിരുന്നുവെന്ന് അക്രമത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള നൗഷാദ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. എന്നാല്‍, പൊലിസ് ആകാശിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."