കടം വീട്ടാനുള്ള ശേഷി ഇല്ലാതാക്കി; ബ്രാന്‍ഡ് നശിപ്പിക്കുകയും ചെയ്തു: നീരവ് മോദി
മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കിനെതിരേ വിവാദ വജ്രവ്യാപാരി നീരവ് മോദി. ബാങ്കിന്റെ അത്യാവേശമാണ് കടങ്ങള്‍ വീട്ടാനുള്ള തന്റെ ശ്രമങ്ങള്‍ക്ക് തടസമായതെന്ന് കഴിഞ്ഞ 15, 16 തിയതികളിലായി എഴുതിയ കത്തില്‍ അദ്ദേഹം ആരോപിക്കുന്നു. 11,500 കോടിയോളം രൂപയാണ് നീരവ് തട്ടിയെടുത്തതെന്നാണ് പി.എന്‍.ബി ആരോപിക്കുന്നത്.
തന്റെ കമ്പനി ബാങ്കിന് കടപ്പെട്ടിരിക്കുന്നത് 5000 കോടിയില്‍ താഴെ രൂപക്ക് മാത്രമാണ്. അതിന് പകരം അധികതുക കാണിച്ച് തന്റെ കമ്പനിയുടെ ബ്രാന്‍ഡിനെയടക്കം നിങ്ങള്‍ തകര്‍ത്തുവെന്നാണ് അദ്ദേഹം ബാങ്കിന് നല്‍കിയ കത്തില്‍ ആരോപിക്കുന്നത്.
ബാങ്കിന് താന്‍ അധിക ബാധ്യതയുണ്ടാക്കിയെന്ന തരത്തിലാണ് വാര്‍ത്ത പുറത്തുവന്നത്. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ തന്റെ സമ്പാദ്യങ്ങള്‍ അന്വേഷണ സംഘം പിടിച്ചെടുക്കുകയാണ് . തെറ്റായി ചിത്രീകരിച്ച ബാധ്യതകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ തിരക്കിട്ട് തിരച്ചില്‍ നടത്തുകയും പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം തടസപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷനല്‍, ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍ നാഷനല്‍ എന്നിവയുടെ പ്രവര്‍ത്തനം നിലയ്ക്കുകയും വായ്പ തിരിച്ചടവിനുള്ള സാധ്യതകള്‍ ഇല്ലാതാക്കിയെന്നും കത്തില്‍ പറയുന്നു.
ബാധ്യതകള്‍ പൂര്‍ണമായും പരിഹരിക്കാന്‍ താന്‍ ശ്രമം നടത്തിയെങ്കിലും ആ സാധ്യത ഇല്ലാതാക്കിയ നടപടിയാണ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായത്. നിങ്ങളുടെ നടപടി തന്റെ ബിസിനസിനേയും കമ്പനിയുടെ ബ്രാന്‍ഡിനേയും സാരമായി ബാധിച്ചു. തന്റെ ബിസിനസിനെ പൂര്‍ണമായും തകര്‍ത്തത് നിങ്ങളുടെ പ്രവര്‍ത്തനം കാരണമാണെന്നും മോദി ആരോപിക്കുന്നു.
തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ കുടുംബസമേതം ഇന്ത്യ വിട്ട നീരവ് മോദി എവിടെയാണെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
അതേസമയം പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ആരോപണം ശരിയല്ലെന്ന് നീരവ് മോദി പറഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിജയ് അഗര്‍വാളും വ്യക്തമാക്കി.
2011നും 2017നും ഇടയില്‍ നിരവ് മോദിയും ബന്ധുവും ചേര്‍ന്ന് 11,500 കോടിയോളം രൂപ കബളിപ്പിച്ചുവെന്നാണ് പി.എന്‍.ബി ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.ബി.ഐക്ക് ബാങ്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
വായ്പയെടുത്തതിനെല്ലാം വ്യക്തമായ രേഖകളുണ്ട്. വായ്പ സംബന്ധിച്ച ബാങ്ക് അതാത് ഘട്ടങ്ങളില്‍ പലിശ ഈടാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം വായ്പ തിരിച്ചടച്ചില്ലെന്ന് കാണിച്ച് ബാങ്ക് ഒരിക്കല്‍പോലും നിരവ് മോദിക്കെതിരായി നിലപാട് സ്വീകരിച്ചിരുന്നില്ല.
പിന്നീടാണ് പെട്ടെന്ന് ചില നീക്കങ്ങളിലൂടെ വായ്പാ തട്ടിപ്പെന്ന് വ്യക്തമാക്കി സി.ബി.ഐക്ക് പരാതി നല്‍കിയതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
ഇപ്പോള്‍ സി.ബി.ഐ പറയുന്ന ആരോപണങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."