വായ്പാ തട്ടിപ്പ്: മുന്നറിയിപ്പ് പി.എന്‍.ബി അവഗണിച്ചതായി ആര്‍.ബി.ഐ
മുംബൈ: ബാങ്കുകളുടെ ഇന്റര്‍ ബാങ്ക് നെറ്റ് വര്‍ക്കായ സ്വിഫ്റ്റി(സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്മ്യൂണിക്കേഷന്‍സ്) നെതിരേ 2016ല്‍ തന്നെ റിസര്‍വ് ബാങ്ക് മുന്നറിയിപ്പുനല്‍കിയിരുന്നതായി വിവരം.
വ്യക്തമായ വിവരമില്ലാത്തതും നിയമാനുസൃതമല്ലാത്തതുമായ രീതിയില്‍ പണം കൈമാറ്റം ചെയ്യുന്ന സ്വിഫ്റ്റ് ഇന്റര്‍ ബാങ്ക് നെറ്റ് വര്‍ക്ക് തുടരരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്.
പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ മുംബൈ ഹോണിമാന്‍ സര്‍ക്കിളിലെ ബ്രാഡി ഹൗസ് ശാഖയിലാണ് ജാമ്യരേഖ ഉപയോഗിച്ച് വിവിധ ബാങ്കുകളില്‍ നിന്നായി വജ്രവ്യാപാരി നീരവ് മോദി 11,500 കോടിയോളം രൂപ തട്ടിയെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ആര്‍.ബി.ഐ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന കാര്യം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉണ്ടായ ചില തട്ടിപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു സ്വിഫ്റ്റ് ഇന്റര്‍ ബാങ്ക് നെറ്റ് വര്‍ക്കിനെതിരേ ആര്‍.ബി.ഐ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
പി.എന്‍.ബിയില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും ഇതുസംബന്ധിച്ച് ആര്‍.ബി.ഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുന്നറിയിപ്പ് പി.എന്‍.ബി അവഗണിച്ചതാണ് തട്ടിപ്പിന് ഇടയാക്കിയതെന്നും ആര്‍.ബി.ഐ ആരോപിക്കുന്നു.
ബാങ്കുകളില്‍ ഇത്തരം തട്ടിപ്പ് നടക്കുന്നതിനെതിരേ എന്തുകൊണ്ട് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആര്‍.ബി.ഐയോട് ചോദിച്ചിരുന്നു.
തട്ടിപ്പ് തടയുന്ന കാര്യത്തില്‍ ആര്‍.ബി.ഐ പരാജയപ്പെട്ടുവെന്ന വാദവും കേന്ദ്ര സര്‍ക്കാരിനുണ്ട്. രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പിന് ഇടയാക്കിയ സംഭവത്തില്‍ ആര്‍.ബി.ഐക്കുണ്ടായ വീഴ്ചയാണ് പ്രകടമായതെന്ന വാദവും കേന്ദ്ര സര്‍ക്കാരിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."