സിറിയയില്‍ സൈന്യത്തിന്റെ വ്യോമാക്രമണം; 100 മരണം
ദമസ്‌കസ്: വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൗഥയില്‍ സിറിയന്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 100ലേറെ പേര്‍ കൊല്ലപ്പെട്ടു. 20ഓളം കുട്ടികളടക്കമാണ് നൂറുകണക്കിന് സാധാരണക്കാര്‍ സര്‍ക്കാര്‍ കുരുതിക്ക് ഇരയായത്. 2013നു ശേഷം മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
തിങ്കളാഴ്ച ആരംഭിച്ച വ്യോമാക്രമണം ഇന്നലെയും തുടര്‍ന്നതായി വൈറ്റ് ഹെല്‍മെറ്റ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന സിറിയ സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
ഈ മാസം തുടക്കത്തില്‍ തന്നെ ഗൗഥ വിമതസൈന്യത്തില്‍നിന്നു തിരിച്ചുപിടിക്കാന്‍ നീക്കം നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായാണു കഴിഞ്ഞ ദിവസം സൈനിക നടപടി ശക്തമാക്കിയത്. തലസ്ഥാനമായ ദമസ്‌കസിനടുത്തെ ഏറ്റവും ശക്തമായ വിമതകേന്ദ്രമായ ഗൗഥ നഗരം ഇപ്പോള്‍ സര്‍ക്കാര്‍ സൈന്യം പുറത്തുനിന്നു വളഞ്ഞിരിക്കുകയാണ്.
ഗൗഥയിലെ ദൗമ, മിസ്‌റബ, നശാബിയ്യ എന്നിവിടങ്ങളിലെ സാധാരണക്കാര്‍ക്കു നേരെയാണ് സൈന്യം ബോംബ് വര്‍ഷിച്ചതെന്നു പ്രാദേശിക സന്നദ്ധ സംഘടനകള്‍ അറിയിച്ചു. ജനങ്ങളുടെ ജീവിത മാര്‍ഗങ്ങള്‍, ബേക്കറികള്‍, ഭക്ഷ്യവസ്തുക്കളുടെ ഗോഡൗണുകള്‍ അടക്കം ആക്രമണത്തില്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. മരണസംഖ്യ 100 കടന്നതായി സിറിയയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് അറിയിച്ചു. രണ്ടു ദിവസത്തിനിടെ 150 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ആശുപത്രികള്‍ അടക്കം ആക്രമണത്തില്‍ തകര്‍ന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അറിയുന്നത്. പ്രദേശത്തെ പ്രധാന പൊതുനിരത്തുകള്‍ തകര്‍ന്നതിനാല്‍ ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനും സഹായ വിതരണത്തിനും എത്താന്‍ സന്നദ്ധ സംഘടനകളും പ്രയാസപ്പെടുകയാണ്.
സര്‍ക്കാര്‍ സൈന്യത്തിന്റെ നടപടിക്കു വിമതസംഘം തിരിച്ചടിക്കുന്നുണ്ടെങ്കിലും ഇതു കാര്യമായി ഫലിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."