കൃഷിയിടങ്ങളില്‍ വന്യജീവികള്‍ എത്തുന്നത് തടയാന്‍ സര്‍ക്കാരിന് ബാധ്യത: ഹൈക്കോടതി
കൊച്ചി: കൃഷിയിടങ്ങളില്‍ വന്യജീവികള്‍ അതിക്രമിച്ചു കയറുന്നത് തടയാനും ഇതുമൂലമുള്ള നാശങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മനുഷ്യ ജീവനും കാര്‍ഷിക വിളകളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വന്യ ജീവികളുടെ ആക്രമണങ്ങളെത്തുടര്‍ന്ന് ഉണ്ടാകുന്ന ഏതു തരം നാശങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
വന്യ ജീവികളുടെ ആക്രമണത്തെത്തുടര്‍ന്ന് കൃഷിനാശമുണ്ടായിട്ടും സര്‍ക്കാരിന്റെ സഹായം ലഭിച്ചില്ലെന്നാരോപിച്ച് പാലക്കാട് അകലൂര്‍ അമരാവതിയില്‍ സിന്ധു ലോഹിതദാസ് ഉള്‍പ്പെടെ ഏഴ് കര്‍ഷകര്‍ നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി. അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ ലോഹിതദാസിന്റെ ഭാര്യയാണ് സിന്ധു.
ഹരജിക്കാര്‍ 2010 ലാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ 2003 മുതല്‍ 2009 വരെയുള്ള കാലയളവിലെ കൃഷിനാശത്തിന് നഷ്ട പരിഹാരം വേണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നതെന്നും ഇതു കാലഹരണപ്പെട്ടതാണെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇതിനുശേഷവും വന്യജീവികള്‍ ആക്രമണം നടത്തിയെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കര്‍ഷകരുടെ നിവേദനം മൂന്ന് മാസത്തിനകം നിയമാനുസൃതം പരിഗണിച്ച് ഉത്തരവ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."