മുടങ്ങിയ പെന്‍ഷന്‍ വിതരണത്തിന്റെ ഉദ്ഘാടനം അപഹാസ്യം: ചെന്നിത്തല
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ മുടങ്ങിക്കിടന്ന പെന്‍ഷന്‍ വിതരണം പുനരാരംഭിച്ചതിന് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത് അപഹാസ്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയതിന് ഉത്തരവാദി സര്‍ക്കാര്‍ മാത്രമാണ്. അഞ്ചു മാസക്കാലം പാവപ്പെട്ട പെന്‍ഷന്‍കാരെ സര്‍ക്കാര്‍ തീരാദുരിതത്തിലാക്കി. പലരും ആത്മഹത്യ ചെയ്തു. ഒരു നേരത്തെ മരുന്നിനു പോലും പണമില്ലാതെ നരകയാതന അനുഭവിച്ചവര്‍ നിരവധിയാണ്. ഒടുവില്‍ പെന്‍ഷന്‍കാര്‍ക്ക് അനിശ്ചിതകാല സത്യഗ്രഹമിരിക്കേണ്ടി വന്നു. ഗത്യന്തരമില്ലാതെയാണ് സര്‍ക്കാരിന് പെന്‍ഷന്‍ വിതരണം പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കേണ്ടി വന്നത്. സര്‍ക്കാര്‍ തന്നെ സൃഷ്ടിച്ച ദുരിതം അവസാനിപ്പിക്കുന്നതിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നടത്തിയത്. ഇതു കടന്നകൈയായിപ്പോയി.
സര്‍ക്കാരിന്റെ ക്രൂരത കാരണം ആത്മഹത്യ ചെയ്ത പെന്‍ഷന്‍കാര്‍ക്ക് അനുശോചന പ്രമേയം അവതരിപ്പിച്ച ശേഷമായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടനം നടത്തേണ്ടിയിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."