നിശ്ചലമായത് ആദിവാസികള്‍ക്ക് വേണ്ടി ശബ്ദിച്ച തൂലിക
പാനൂര്‍: കേരളത്തിലെ ആദിവാസി ജീവിതങ്ങളുടെ നേര്‍ചിത്രം ആദ്യമായി പൊതുസമൂഹത്തിനു മുന്നിലേക്ക് പുസ്തകരൂപത്തില്‍ എത്തിച്ച പ്രമുഖ എഴുത്തുകാരന്‍ കെ. പാനൂര്‍ എന്ന കുഞ്ഞിരാമന്‍ പാനൂരിന് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. കവി, ഗദ്യകാരന്‍, എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം 'കേരളത്തിലെ ആഫ്രിക്ക' എന്ന കൃതിയിലൂടെയാണ് ശ്രദ്ധേയനായത്. ഹാ നക്‌സല്‍ ബാരി, കേരളത്തിലെ അമേരിക്ക, സഹ്യന്റെ മകന്‍ എന്നിവയാണ് മറ്റു കൃതികള്‍.
നരകയാതനകള്‍ക്കിടയിലുള്ള കേരളത്തിലെ ആദിവാസികളുടെ ജീവിതത്തെ അദ്ദേഹം തന്റെ പുസ്തകത്തിലൂടെ തുറന്നുകാട്ടി. 2006ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 2002ല്‍ രാമാശ്രമം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി 1985ല്‍ പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത 'ഉയരും ഞാന്‍ നാടാകെ' എന്ന സിനിമയുടെ മൂലകഥ കെ. പാനൂരിന്റെ 'കേരളത്തിലെ ആഫ്രിക്ക'യായിരുന്നു. യുനസ്‌കോ അവാര്‍ഡ് നേടിയ 'കേരളത്തിലെ ആഫ്രിക്ക' എന്ന കൃതി എല്ലാ രാഷ്ട്രീയക്കാരോടും വായിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചിരുന്നു.
റവന്യൂ വിഭാഗം ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഡെപ്യൂട്ടി കലക്ടറായാണ് വിരമിച്ചത്. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായാണ് ആര്‍ക്കും താല്‍പര്യമില്ലാത്ത ആദിവാസി ക്ഷേമ വിഭാഗത്തില്‍ സേവനം അനുഷ്ഠിക്കാന്‍ അദ്ദേഹം സ്വയം സന്നദ്ധനായത്.
മാഹി മലയാള കലാഗ്രാമം സ്ഥാപിക്കപ്പെട്ടപ്പോള്‍ അതിന്റെ രജിസ്ട്രാറായിരുന്നു. പത്ത് വര്‍ഷത്തോളം ആ പദവി വഹിച്ചു. എഴുത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനുമായി കൂടുതല്‍ സമയം കണ്ടെത്താനായി പിന്നീട് ആ പദവി ഉപേക്ഷിക്കുകയായിരുന്നു. ജന്മനാടിന്റെ പേര് തൂലികാനാമമാക്കിയതോടെ പാനൂരും അദ്ദേഹത്തോടൊപ്പം പ്രസിദ്ധമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."