കെ.സി.എയ്‌ക്കെതിരേ ടി.സി മാത്യുവിന്റെ നിയമ പോരാട്ടം
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനെതിരേ നിയമയുദ്ധം പ്രഖ്യാപിച്ച് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യു രംഗത്ത്. കേരള ക്രിക്കറ്റ് അസോസിയേഷനിലെ ഓംബുഡ്‌സ്മാന്‍ നിയമനവും ഉത്തരവുകളും ചോദ്യം ചെയ്ത് ടി.സി മാത്യു ഹൈക്കോടതിയെ സമീപിച്ചു.
സുപ്രീംകോടതി ചുമതലപ്പെടുത്തിയ ലോധ കമ്മിറ്റിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് കെ.സി.എയുടെ ഓംബുഡ്‌സ്മാന്‍ നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് ടി.സി മാത്യു കോടതിയെ സമീപിച്ചത്. ടി.സി മാത്യുവിന്റെ ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയക്കാന്‍ ഉത്തരവിട്ടു. കെ.സി.എയിലെയും ജില്ലാ അസോസിയേഷനുകളിലെയും അംഗങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിശോധിച്ച് തീര്‍പ്പുണ്ടാക്കാനാണ് ഓംബുഡ്‌സ്മാനെ നിയമിക്കുന്നത്.
എന്നാല്‍ പുറത്തുള്ള ഒരാളുടെ പരാതിയില്‍ ഓംബുഡ്‌സ്മാന്‍ തനിക്കെതിരേ ഉത്തരവു നല്‍കിയെന്ന് ടി.സി മാത്യു ഹരജിയില്‍ പറയുന്നു. കാലാവധി കഴിഞ്ഞ കെ.സി.എ സെക്രട്ടറിയുടെ താല്‍പര്യപ്രകാരമാണ് ഓംബുഡ്‌സ്മാനെ നിയമിച്ചത്. നിയമനത്തിന് അര്‍ഹരായവരുടെ പാനല്‍ ഉണ്ടാക്കിയിരുന്നില്ല. ഓംബുഡ്‌സ്മാന്റെ നിയമനവും സേവന വേതന വ്യവസ്ഥകളും കെ.സി.എ ജനറല്‍ ബോഡി അംഗീകരിച്ചിട്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ടി.സി മാത്യുവിന് കെ.സി.എയുടെ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് ഓംബുഡ്‌സ്മാന്‍ റിട്ടേര്‍ഡ് ജസ്റ്റിസ് വി. രാംകുമാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമേ ഔദ്യോഗിക പദവിയിലിരിക്കെ വാടകയിനത്തില്‍ ടി.സി മാത്യു കൈപ്പറ്റിയ 5.25 ലക്ഷം രൂപ തിരിച്ചു പിടിക്കണമെന്നും ഓംബുഡ്‌സ്മാന്‍ വിവിധ പരാതികളിലായി ഉത്തരവിട്ടിരുന്നു. ഇതിന് പുറമേ അഴിമതി ആരോപണത്തിന്റെ പേരില്‍ ടി.സി മാത്യുവിനെ ഇടുക്കി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ഈ ഉത്തരവുകള്‍ റദ്ദാക്കണമെന്നു ടി.സി മാത്യു ഹരജിയില്‍ ആവശ്യപ്പെട്ടു.
തൊടുപുഴയിലെ ക്രിക്കറ്റ് സ്റ്റേഡിയ നിര്‍മാണ ക്രമക്കേടുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷനെ കെ.സി.എ സസ്‌പെന്റ് ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് ടി.സി മാത്യുവിന്റെ അടുപ്പക്കാരനായ ബി. വിനോദിന് കെ.സി.എ അധ്യക്ഷ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."