കോഴിക്കോടിന്റെ മണ്ണില്‍ ഇനി വോളി ആവേശം; കേരളത്തിന്റെ പുരുഷ ടീം ഇന്ന് വൈകിട്ട് 4.30ന് രാജസ്ഥാനെ നേരിടും
കോഴിക്കോട്: 66ാമത് ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന് കോഴിക്കോടിന്റെ മണ്ണില്‍ ഇന്ന് ആവേശത്തുടക്കം. എട്ട് ദിവസം നീളുന്ന പോരാട്ടങ്ങള്‍ ഇന്ന് മുതല്‍ ഈ മാസം 28 വരെയാണ് അരങ്ങേറുന്നത്. സ്വപ്നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചാംപ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് സീനിയര്‍ ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പെത്തുന്നത്.
കോഴിക്കോടിന്റെ വോളിബോള്‍ പാരമ്പര്യം കേരളത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുകാലത്ത് സജീവമായിരുന്നു വോളിബോള്‍. പിന്നീട് ശോഭ കുറഞ്ഞു. ഇതിനെ തിരിച്ചുകൊണ്ടുവന്ന് പ്രതാപത്തിലെത്തിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വഴി നടക്കുന്ന ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണ്. മലബാറില്‍ പലയിടത്തും ഫുട്‌ബോളിനേക്കാള്‍ വോളിബോളിന് പ്രാധാന്യമുള്ള സ്ഥലങ്ങളുണ്ടായിരുന്നു. വോളിബോള്‍ കളിക്ക് ഫുട്‌ബോള്‍ കോര്‍ട്ടിന്റെയത്ര സ്ഥലം വേണ്ടന്നുള്ളത് ഈ കളി ജനപ്രിയമാകാന്‍ കാരണമായി. നല്ല മെയ്‌വഴക്കത്തോടെയുള്ള സ്മാഷും പ്രതിരോധവും കാണികള്‍ക്ക് ഹരമായിരുന്നുവെന്നും ചാംപ്യന്‍ഷിപ്പിന് വിജയാശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിന്ന് തുടങ്ങിയ ദീപശിഖാ പ്രയാണ ഘോഷയാത്ര വൈകിട്ട് ആറ് മണിയോടെ സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തി. അര്‍ജുന അവാര്‍ഡ് ജേതാവ് എ.സി ഏലമ്മയുടെ നേതൃത്വത്തിലാണ് ദിപശിഖാ പ്രയാണ ജാഥ നടന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ദീപശിഖാ പ്രയാണത്തില്‍ പങ്കെടുത്തു. പുരുഷ വിഭാഗത്തില്‍ 28ഉം വനിതാ വിഭാഗത്തില്‍ 26ഉം ടീമുകളാണ് മത്സരത്തിനുള്ളത്. വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമാണ് മത്സരങ്ങള്‍. വൈകിട്ട് 4.30ന് കേരളത്തിന്റെ പുരുഷ ടീം രാജസ്ഥാനെയും വൈകിട്ട് ഏഴിന് വനിതകള്‍ തെലങ്കാനയെയും നേരിടും. നിലവിലെ ജേതാക്കളായ കേരളം ഇത്തവണയും കപ്പുറപ്പിക്കാനുള്ള തയാറെടുപ്പിലാണ്.
ഉദ്ഘാടന ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ അധ്യക്ഷനായി. വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ രാമവതാര്‍ സിങ് ജാഖര്‍, അസോസിയേറ്റ് സെക്രട്ടറി പ്രൊഫ. നാലകത്ത് ബഷീര്‍, കെ.കെ മൊയ്തീന്‍കോയ സംസാരിച്ചു. വോളിബോള്‍ ഫെഡറേഷന്‍ ഇന്ത്യ പ്രസിഡന്റ് ഇര്‍വിന്‍ സോര്‍, കേരള സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇന്‍ ചാര്‍ജ് ആര്‍ ബിജുരാജ്, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ എം മെഹ്ബൂബ്, ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സി സത്യന്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."