വരള്‍ച്ച മുന്നില്‍കണ്ട് കൂറ്റന്‍ മഴവെള്ള സംഭരണി നിര്‍മിച്ചു
തളിപ്പറമ്പ്: പിതാവിന്റെ നിര്‍ദേശപ്രകാരം വരള്‍ച്ച മുന്നില്‍കണ്ട് ജലസംരക്ഷണത്തിന് മകന്‍ നിര്‍മിച്ച കൂറ്റന്‍ മഴവെള്ളസംഭരണിക്ക് പ്രസക്തിയേറുന്നു. പൂമംഗലം സ്വദേശി രയരോത്ത് കുനിയിയില്‍ ഗംഗാധരനാണ് പിതാവ് ശിവരാമന്റെ നിര്‍ദേശ പ്രകാരം പത്ത് വര്‍ഷം മുന്‍പ് കൂറ്റന്‍ മഴവെള്ള സംഭരണി നിര്‍മിച്ചത്. ഓരോ വര്‍ഷം കഴിയുന്തോറും ഭൂഗര്‍ഭ ജലനിരപ്പ് കുറഞ്ഞ് ജലക്ഷാമം രൂക്ഷമാകുമ്പോഴാണ് കാലത്തിനു മുന്നേ നടന്ന അച്ഛനും കാലത്തിനൊപ്പം നടക്കുന്ന മകനും ജലസംരക്ഷണ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമാകുന്നത്.
മഴ കഴിഞ്ഞ് മാസങ്ങള്‍ക്കകം തന്നെ നാട് കടുത്ത ജലക്ഷാമത്തിലേക്ക് കൂപ്പുകുത്തുകയാണ്. എന്നാല്‍ ഗംഗാധരന് ഇക്കാര്യത്തില്‍ ആശങ്ക കുറവാണ്. കാരണം തന്റെ മഴവെള്ള സംഭരണിയില്‍ മെയ് അവസാനംവരെ ഉപയോഗത്തിനുള്ള വെള്ളം ഉണ്ടെന്നാണ് ഗംഗാധരന്റെ മുന്‍കാല അനുഭവം. മുപ്പതു കോല്‍ ആഴത്തിലുള്ള കിണറും അതില്‍ കുഴല്‍ക്കിണറും കുഴിച്ചിട്ടും വേനല്‍ക്കാലത്ത് ആവശ്യത്തിന് വെള്ളം തികയാത്ത അവസ്ഥ വന്നപ്പോള്‍ മഴവെള്ള സംഭരണിയെക്കുറിച്ച് ഗംഗാധരന്‍ കൂടുതലൊന്നും ചിന്തിച്ചില്ല. 10 മീറ്റര്‍ നീളത്തിലും എട്ട് മീറ്റര്‍ വീതിയിലും നാലുമീറ്റര്‍ ആഴത്തിലുമുള്ള മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള സംഭരണിയാണ് രണ്ടര ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചത്.
രണ്ട് ആഴ്ച്ചത്തെ മഴകൊണ്ട് വലിയ ടാങ്ക് നിറയും. സമീപത്തു തന്നെ ചെറിയൊരു ടാങ്കും ഉണ്ട്. ആവശ്യം കഴിഞ്ഞ് അധികം വരുന്ന വെള്ളം ഇതിലേക്കു മാറ്റും. രണ്ടു ടാങ്കു നിറഞ്ഞതിനു ശേഷം നഷ്ടമാകുന്ന വെള്ളം ഉപയോഗിച്ച് ഇത്തവണ കിണര്‍ റീചാര്‍ജിങ് ചെയ്യാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. ചുരുങ്ങിയത് മൂന്നുവര്‍ഷം കിണര്‍ റീചാര്‍ജ് ചെയ്യുന്നതിലൂടെ വേനല്‍ക്കാലത്ത് വറ്റാത്ത രീതിയിലേക്കു മാറും എന്ന വിശ്വാസത്തിലാണ് ഗംഗാധരന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."