സഊദിവല്‍ക്കരണ പദ്ധതി ഊര്‍ജ്ജിതമാക്കാന്‍ പുതിയ വകുപ്പിനു മന്ത്രിസഭാ അംഗീകാരം
റിയാദ്: സഊദി വല്‍ക്കരണപദ്ധതികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ പുതിയ സമിതിക്ക് സഊദി മന്ത്രിസഭ അംഗീകാരം നല്‍കി. കഴിഞ്ഞ ദിവസം സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലെ അല്‍ യമാമഃ രാജകൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ സമിതിക്കു അംഗീകാരം നല്‍കിയത്. ഈ മേഖലയിലെ പ്രവര്‍ത്തിച്ചിരുന്ന നിലവിലെ സമിതി പിരിച്ചു വിട്ടാണ് പുതിയതിനു രൂപം നല്‍കി അംഗീകാരം നല്‍കിയത്.
നേരത്തെയുണ്ടായിരുന്ന അതോറിറ്റിയുടെ മുഴുവന്‍ ചുമതലകളും തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ പുതുതായി രൂപീകരിച്ച വകുപ്പിന് കീഴിലാക്കി സഊദി വല്‍ക്കരണ പദ്ധതി കൂടുതല്‍ ശക്തമാക്കാനാണ് നീക്കം.
അതിനിടെ പ്രവിശ്യാ ഗവര്‍ണറേറ്റുകള്‍ക്ക് കീഴില്‍ പ്രാദേശികമായി നടപ്പാക്കുന്ന സഊദി വല്‍ക്കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അസീര്‍ പ്രവിശ്യയില്‍ പുതുതായി ഒന്‍പതു മേഖലകളില്‍ സമ്പൂര്‍ണ്ണ സഊദി വല്‍ക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചു. അസീര്‍ ഗവര്‍ണറും അസീര്‍ പ്രവിശ്യ സഊദി വല്‍ക്കരണ കമ്മിറ്റി പ്രസിഡന്റുമായ ഫൈസല്‍ ബിന്‍ ഖാലിദ് രാജകുമാരനും സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രി ഡോ: അലി അല്‍ ഗഫീസും തമ്മില്‍ ഇറ്ജ്ഹ് സംബന്ധിച്ച ധാരണാ പാത്രത്തില്‍ ഒപ്പു വെച്ചു.
ഷോപ്പിംഗ് മാളുകള്‍, സ്വകാര്യ തപാല്‍ ഏജന്‍സികള്‍, ഇന്‍ഷുറന്‍സ് കമ്പനി ഓഫീസുകള്‍, ചരക്കു നീക്ക മേഖലയിലെ ഓഫീസുകള്‍, കേടായ വാഹനങ്ങള്‍ കൊണ്ട് പോകുന്ന വീഞ്ചുകള്‍, ഡയന എന്ന പേരിലുള്ള മിനി ലോറികള്‍, സ്വകാര്യ ഗേള്‍സ് സ്‌കൂളുകള്‍, ട്രാവല്‍ ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, സാമൂഹിക വികസന കമ്മിറ്റി ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സമ്പൂര്‍ണ്ണസഊദിവല്‍ക്കരണം നടത്തുവാനാണ് നീക്കം.
സഊദി വല്‍ക്കരണത്തിനു ലക്ഷ്യമിടുന്ന മേഖലകളില്‍ സ്വദേശികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം, ഈ മേഖലകളില്‍ സ്വദേശികളെ പ്രാപ്തരാക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ ദുറൂബ് വഴിയുള്ള പരിശീലനം, സ്വയം സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനു യുവതീ യുവാക്കള്‍ക്കുള്ള സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ എന്നിവയടക്കമുള്ള കാര്യങ്ങളാണ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."