പിണറായി സര്‍ക്കാരില്‍ സംഘപരിവാര്‍ സ്വാധീനം വര്‍ധിക്കുന്നു: ഷിബു മീരാന്‍
ദോഹ: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിന്റെ ഭരണത്തില്‍ സംഘപരിവാര്‍ സ്വാധീനം വര്‍ധിക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ നിര്‍വാഹകസമിതിയംഗം ഷിബു മീരാന്‍. വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലെല്ലാം സംഘപരിവാറിന്റെ വര്‍ധിച്ച സ്വാധീനം പ്രകടമാണ്. ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് മറ്റെന്തെല്ലാം കുറവുകളുണ്ടെങ്കിലും ആര്‍.എസ്.എസിനും സംഘപരിവാര്‍ ശക്തികള്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന വിശ്വാസം പൊതുസമൂഹത്തിനുണ്ടായിരുന്നു. ആ വിശ്വാസം പിണറായി സര്‍ക്കാര്‍ തകര്‍ത്തു. മതേതരകേരളമെന്നത് ഒരു മിഥ്യയായി എന്നതാണ് പിണറായി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഭരണത്തിന്റെ ബാക്കിപത്രമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംഘപരിവാറിനെ പ്രീതിപ്പെടുത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പോലിസ് സേന പോലും ആര്‍.എസ്.എസ് ചിന്താഗതിക്കാരുടെ നിയന്ത്രണത്തിലാണ്. ദളിതരെയും ന്യൂനപക്ഷങ്ങളെയും ദ്രോഹിക്കുമ്പോള്‍ മറുവശത്ത് സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ മൃദുസമീപനമാണ് സ്വീകരിക്കുന്നത്. സംഘപരിവാറിന്റെ വര്‍ഗീയ ഫാസിസത്തെയും സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസത്തെയും ചെറുത്തുതോല്‍പ്പിച്ച് ജനാധിപത്യം സംരക്ഷിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. കണ്ണൂര്‍ മട്ടന്നൂരിലെ ഷുഹൈബും കോണ്‍ഗ്രസും അവിടത്തെ സി.പി.എമ്മിന് ഒരു വെല്ലുവിളിയുമല്ലാതിരുന്നിട്ടുപോലും അസഹിഷ്ണുതയുടെ പേരില്‍ കൊലപ്പെടുത്തുകയായിരുന്നു. ആള്‍ക്കൂട്ടകൊലപാതകത്തിന്റെ വേരുകള്‍ കേരളത്തിലേക്കും പടരുന്നുണ്ട്. ട്രെയിനില്‍ ജുനൈദിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയപ്പോള്‍ സാക്ഷികളായി മിണ്ടാതെ നിന്നവരെപ്പോലെത്തന്നെയാണ് ആറുവര്‍ഷം മുന്‍പ് കണ്ണൂര്‍ അരിയിലില്‍ ഷൂക്കൂറിനെ ക്രൂരമായി കൊലപ്പെടുത്തിയപ്പോഴും സാക്ഷികളായി നിന്നവര്‍.
ആര്‍.എസ്.എസ് ഇപ്പോള്‍ സജ്ജമാക്കിയിരിക്കുന്ന ആള്‍ക്കൂട്ടങ്ങളെ ആറുവര്‍ഷം മുന്‍പുതന്നെ കേരളത്തില്‍ സി.പി.എം സജ്ജമാക്കിയതായും ഷിബു മീരാന്‍ കുറ്റപ്പെടുത്തി. ദേശീയതലത്തില്‍ സംഘപരിവാര്‍ ഫാസിസത്തിനെതിരെ മതേതതര ചേരി ശക്തിയാര്‍ജിക്കുന്നുണ്ടെന്നും പൊരുതിയാല്‍ നരേന്ദ്രമോദിയെയും ഫാസിസ്റ്റ് ഭീഷണികളെയും ഒന്നു പൊരുതിയാല്‍ കീഴ്‌പ്പെടുത്താനാകുമെന്ന സാഹചര്യങ്ങളിലേക്ക് കാര്യമെത്തിയിട്ടുണ്ടെന്നും മുസ്‌ലിം യൂത്ത് ലീഗ് ദേശീയ നിര്‍വാഹകസമിതിയംഗം ഷിബുമീരാന്‍. ഫാസിസത്തെ പ്രതിരോധിക്കാന്‍ നിലവിലുള്ള ഓപ്ഷനെന്നത് കോണ്‍ഗ്രസാണ്.
ഗുജറാത്ത്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പുകളിലെല്ലാം ഇതു വ്യക്തമാക്കുന്നുണ്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് വീണ്ടുംതിരിച്ചെത്താനാണ് സാധ്യത. ബി.ജെ.പിയെയും സംഘപരിവാര്‍ രാഷ്ട്രീയത്തെയും ചെറുക്കുന്നതിന് കോണ്‍ഗ്രസിന് സാധിക്കുന്നുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പിലുള്‍പ്പെടെ വര്‍ഗീയതയായാണ് ബി.ജെ.പി പ്രധാനമായും ഉപയോഗിക്കുന്നത്. അതിനെതിരെ മതേതരചേരി സ്വാധീനം വീണ്ടെടുക്കുന്നുണ്ട്. മുസ്‌ലിം യൂത്ത് ലീഗ് ദേശീയതലത്തില്‍ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ്. ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും ഉള്‍പ്പെടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു. ബംഗാളിലും മറ്റുമായി വിപുലമായ കണ്‍വന്‍ഷനുകള്‍ നടത്തുന്നു. സംഘപരിവാര്‍ ശക്തികളുടെ ആക്രമണങ്ങള്‍ക്കിരകളാകുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനൊപ്പം അവര്‍ക്കായി സാമൂഹികമായി നിലകൊള്ളുകയും ചെയ്യുന്നു. ദേശീയ വിഷയങ്ങളിലുള്‍പ്പെടെ സജീവമായി ഇടപെട്ടാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."