അമ്മ പറയുന്ന ഭാഷ
ലോക മാതൃഭാഷാ ദിനമായിരുന്നു ഇന്നലെ. വഴിപാടു പോലെ ചില ചടങ്ങുകള്‍ സംഘടിപ്പിച്ചതിനപ്പുറം സാര്‍ഥകമായ വല്ല സംരംഭങ്ങള്‍ക്കും ദിനാചരണത്തില്‍ തുടക്കമായോ എന്ന കാര്യം ബന്ധപ്പെട്ടവര്‍ ആത്മപരിശോധന നടത്തുന്നത് നന്ന്. 1999-ലാണ് യുനെസ്‌കോ ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി പ്രഖ്യാപിച്ചത്. 2008 ലോക മാതൃഭാഷാ വര്‍ഷമായും നമ്മള്‍ ആചരിക്കുകയുണ്ടായി. ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് വളര്‍ന്നു വികാസം പ്രാപിച്ച മലയാളം കേരളത്തിനു പുറമെ ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലെ 3.8 കോടി ജനങ്ങളുടെ ഭാഷയാണ്. 2013-ല്‍ ശ്രേഷ്ഠഭാഷാ പദവിയും മലയാളം കരസ്ഥമാക്കുകയുണ്ടായി.
അമ്മിഞ്ഞപ്പാല്‍ പോലെ മധുരവും ഹൃദ്യവുമാണ് മാതൃഭാഷ. അതിനു പകരം വയ്ക്കാന്‍ മറ്റൊന്നില്ല. മുലപ്പാല്‍ കേവലം പൈദാഹശമനത്തിനല്ല എന്നതുപോലെത്തന്നെ മാതൃഭാഷ ആശയവിനിമയത്തിനു മാത്രമുള്ളതുമല്ല. എം.ടി വാസുദേവന്‍ നായര്‍ ഭാഷാ പ്രതിജ്ഞയില്‍ ചൂണ്ടിക്കാട്ടിയതുപോലെ അത് ഓരോരുത്തരുടെയും ആകാശമാണ്. നമ്മള്‍ കാണുന്ന നക്ഷത്രവും നമ്മെ തഴുകുന്ന കുളിര്‍കാറ്റുമാണ്. നമ്മള്‍ കുടിക്കുന്ന തെളിനീരും അമ്മയുടെ തലോടലുമാണ്.
മാതൃഭാഷയോട് പ്രണയമില്ലാത്തവര്‍ എന്ന് മലയാളികള്‍ പൊതുവെ ആക്ഷേപിക്കപ്പെടാറുണ്ട്. ക്ലാസില്‍ മാതൃഭാഷ സംസാരിച്ചാല്‍ പിഴ ഈടാക്കുന്ന ലോകത്തെ ഏകയിടം കേരളമായിരിക്കും. ചില വേദികളില്‍ മലയാളത്തില്‍ സംസാരിക്കുന്നതും കുറച്ചിലാണ്. മലയാളം സംസാരിക്കുകയാണെങ്കില്‍ തന്നെ 'കൊരച്ച്, കൊരച്ചേ' പറയാവൂ. മാതൃഭാഷയെ ഈ വിധം പീഡിപ്പിക്കുന്ന ജനതയെ ലോകത്ത് മറ്റെവിടെയും കാണില്ല. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ നാട്ടിന്‍പുറങ്ങളിലും കൂണുപോലെ മുളച്ചു പൊന്തുമ്പോള്‍ ആട്ടിയിറക്കപ്പെട്ടവന്റെ ആത്മനൊമ്പരമാണ് അമ്മ മലയാളത്തിന്. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും മലയാള പഠനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നഷ്ടപ്പെട്ട മൂലസ്ഥാനം തിരിച്ചുപിടിക്കാന്‍ മലയാളത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. ചില സഞ്ചാരികള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്, ബ്രിട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇംഗ്ലീഷ് നെയിംബോര്‍ഡുകള്‍ കാണുക കേരളത്തിലാണെന്ന്. നാട്ടിന്‍പുറങ്ങളിലെ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഉള്‍പ്പെടെയുള്ള സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പേരുകളും മലയാളത്തിനേക്കാള്‍ കൂടുതല്‍ ഇംഗ്ലീഷിലാണ്. പരീക്ഷ എന്ന നല്ല മലയാളം വാക്കുണ്ടെങ്കിലും എക്‌സാം എന്നേ മലയാളിയുടെ നാവിന്‍ തുമ്പത്ത് വരൂ. റോഡ് എന്ന് നിരന്തരം ഉപയോഗിച്ച് നിരത്ത് എന്ന വാക്ക് തന്നെ നമ്മള്‍ മറന്നു പോയി. ഇക്കാര്യത്തില്‍ തമിഴരെ കണ്ടു പഠിക്കണം. പൊലീസ് അവര്‍ക്കിപ്പോഴും കാവല്‍പട തന്നെയാണ്.
മലയാളത്തെ മലയാളികളില്‍ നിന്നകറ്റിയതില്‍ ഭാഷാ വിശാരദന്മാര്‍ക്കും വലിയ പങ്കുണ്ട്. സ്വിച്ച് എന്ന ലളിതമായ ഇംഗ്ലീഷ് വാക്കിന് വൈദ്യുതി ആഗമന നിര്‍ഗമന നിയന്ത്രണ തുച്ഛം എന്ന് ഭാഷാന്തരം ചെയ്തവരെ സമ്മതിക്കണം! സ്പീഡ് ഗവര്‍ണറിന് വേഗപ്പൂട്ട് എന്ന പച്ചമലയാളമുണ്ടായിരിക്കെ വേഗമാനകം എന്ന് തര്‍ജമ ചെയ്തവരുമുണ്ട്. മറ്റു ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് ട്രാന്‍സ്‌ലേഷനല്ല, ട്രാന്‍സ്‌പോര്‍ട്ടേഷനാണ് നടക്കുന്നതെന്ന ആക്ഷേപത്തിലും കഴമ്പില്ലാതില്ല.
മാതൃഭാഷയോട് സനേഹം വേണമെന്നിരിക്കിലും അത് അതിരു കടന്ന് ഭ്രാന്താവരുത്. അന്യ ഭാഷ വിദ്വേഷമായും അത് മാറരുത്. മറ്റു ഭാഷകളില്‍ നിന്നു കടമെടുത്താണ് ഓരോ ഭാഷയും വികാസം പ്രാപിക്കുന്നത്. മലയാളവും ഇതില്‍ നിന്നു വിഭിന്നമല്ല. അറബിയും ഇംഗ്ലീഷും സംസ്‌കൃതവും തമിഴും ഉര്‍ദുവുമെല്ലാം മലയാളത്തെ പരിപോഷിപ്പിച്ചിട്ടുണ്ട്. കാലത്തിനൊത്ത് പുതിയ പദങ്ങള്‍ കടന്നുവന്നേ പറ്റൂ. ഏറ്റവും പുതിയ വെല്ലുവിളിയും ഭാഷ ഏറ്റെടുക്കേണ്ടതുണ്ട്. മൊബൈല്‍ ഫോണില്‍ സ്വന്തം ചിത്രമെടുക്കുന്നത് ഒരു ജ്വരമായി പടര്‍ന്നപ്പോഴാണ് ഇംഗ്ലീഷില്‍ സെല്‍ഫി എന്ന പദം പിറക്കുന്നത്.
ഏറ്റവും വേഗത്തില്‍ ഏറ്റവും ഉചിതമായ പദം കണ്ടെത്താനുള്ള ഇംഗ്ലീഷിന്റെ ഈ മിടുക്കാണ് അതിനെ ലോക ഭാഷയായി വളര്‍ത്തിയതും. ലാറ്റിനും സംസ്‌കൃതവുമൊക്കെ പരാജയപ്പെടുന്നതും ഇവിടെയാണ്. നൂറു വര്‍ഷം മുമ്പത്തെ മലയാള കൃതി ഇന്ന് പൂര്‍ണമായി വായിച്ചു മനസിലാക്കാന്‍ മലയാളിക്കാവില്ല. അന്നത്തെ പല വാക്കുകളും കാലഹരണപ്പെടുകയോ അര്‍ഥവ്യതിയാനം വരികയോ ചെയ്തിട്ടുണ്ട്. എന്തിന് ഈ അടുത്തകാലത്ത് തന്നെ എത്ര പദങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു പോയി. ഭയങ്കരം എന്നു പറഞ്ഞാല്‍ ഭയപ്പെടുത്തുന്നത് എന്നായിരുന്നു അര്‍ഥം. ഇന്ന് പക്ഷേ 'ഭയങ്കര സന്തോഷവും', 'ഭയങ്കര സ്‌നേഹ'വുമാണ് മലയാളിക്ക്. തകര്‍ത്തു, അടിച്ചു പൊളിച്ചു എന്ന് പണ്ടത്തെ അര്‍ഥത്തിലല്ല ഇന്ന് മലയാളി ഉപയോഗിക്കുന്നത്.
മലയാളത്തേക്കാള്‍ പദസമ്പത്തുള്ള ഒട്ടനവധി ഭാഷകളുണ്ട് ലോകത്ത്. അറബിയില്‍ ഒട്ടകത്തിന് തന്നെ നൂറു പേരാണ്. മലയാളത്തേക്കാള്‍ കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷകളും നമുക്ക് ചുറ്റുമുണ്ട്. ഓരോ ഭാഷയും പുതുലോകത്തേക്കുള്ള ഓരോ വാതായനങ്ങളാണ്. ഒന്നിനു നേരെയും കണ്ണടക്കേണ്ടതില്ല. മാതൃഭാഷയെ പ്രിയങ്കരമാക്കുന്നത് അതിന്റെ എണ്ണവും വണ്ണവും നോക്കിയല്ല. അമ്മ പറയുന്ന ഭാഷയായതുകൊണ്ടാണ്. മാതൃഭാഷയില്ലെങ്കില്‍ വേരറ്റ വൃക്ഷം പോലെയാവും മനുഷ്യര്‍. ആ തായ്മരം വീണാല്‍ പിന്നെ ജീവിതമില്ല; സ്വപ്നങ്ങളും!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."