വിഭാഗീയത ഒഴിഞ്ഞിട്ടും വെല്ലുവിളികള്‍ ബാക്കി
കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലയളവിനു ശേഷം വലിയൊരു പ്രത്യേകതയുമായാണ് ഇത്തവണത്തെ സി.പി.എം സംസ്ഥാന സമ്മേളനം. 1980കളുടെ പകുതി മുതല്‍ ഇങ്ങോട്ടുള്ള സമ്മേളനങ്ങളെല്ലാം തന്നെ കടുത്ത വിഭാഗീയതകളുടെ വേദിയായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ അതു പൊട്ടിത്തെറിയിലുമെത്തി. ആദ്യം എം.വി രാഘവന്റെ ബദല്‍രേഖയില്‍ തുടങ്ങിയ ചേരിപ്പോര് പുതിയൊരു പാര്‍ട്ടിയുടെ പിറവിയിലെത്തി. തൊട്ടു പിറകെ ഗൗരിയമ്മയുയര്‍ത്തിയ കലാപക്കൊടി. അതിനും പിറകെ സി.ഐ.ടി.യു ചേരി ഉയര്‍ത്തിയ വെല്ലുവിളി. അതിനെ പിന്തുടര്‍ന്നത് രണ്ടു ദശാബ്ദങ്ങളോളം നീണ്ട പിണറായി- വി.എസ് പോരും.
നേരത്തേ തന്നെ ക്ഷീണിച്ചു തുടങ്ങിയിരുന്ന വി.എസ് പക്ഷത്തിന്റെ അടിവേരറുത്തത് കഴിഞ്ഞ ആലപ്പുഴ സമ്മേളനത്തിലാണ്. സമ്മേളനം പിരിഞ്ഞ ശേഷം പോരു നയിക്കാന്‍ വി.എസ് അച്യുതാനന്ദന് ആവാതെ വന്നതോടെ സംസ്ഥാന തലത്തില്‍ വിഭാഗീയത പഴങ്കഥയായി. ഔദ്യോഗിക പക്ഷമെന്നും കണ്ണൂര്‍ ലോബിയെന്നുമൊക്കെ അറിയപ്പെട്ടവരുടെ പൂര്‍ണ നിയന്ത്രണത്തിലായി പാര്‍ട്ടി. ആ നേതൃത്വത്തിനെതിരേ കാര്യമായ ചോദ്യങ്ങളൊന്നും പിന്നീട് ഉയര്‍ന്നിട്ടില്ല.
സംഘടനയുടെയും പാര്‍ലമെന്ററി വിഭാഗത്തിന്റെയും നേതൃത്വം ഒരുമിച്ചുള്ളവരുടെ നേതൃത്വത്തിലായതിനാല്‍ വി.എസ് മന്ത്രിസഭയുടെ കാലത്തുണ്ടായതുപോലെ ഇരു വിഭാഗങ്ങളും തമ്മിലുള്ള വടംവലി പിണറായി ഭരണത്തില്‍ പാര്‍ട്ടിക്കു തലവേദനയുണ്ടാക്കുന്നില്ല എന്ന വലിയൊരു ആശ്വാസവും ഈ സമ്മേളനത്തിലെത്തുമ്പോള്‍ പാര്‍ട്ടിക്കുണ്ട്. ചെറിയ അസ്വസ്ഥതകള്‍ സൃഷ്ടിച്ചത് ലോക്കല്‍ തലം മുതല്‍ ജില്ലാതലം വരെ നീണ്ട പ്രാദേശിക വിഭാഗീയതകള്‍ മാത്രം. അതിനു സംസ്ഥാന രാഷ്ട്രീയവുമായി ബന്ധമില്ല. അതു സംസ്ഥാന ഘടകത്തെ തൊട്ടിട്ടുമില്ല. അതുകൊണ്ടു തന്നെ ഇത്തവണ സംസ്ഥാന കമ്മിറ്റിയിലേക്കും അതിന്റെ നേതൃത്വത്തിലേക്കുമുള്ള തെരഞ്ഞെടുപ്പ് കാര്യമായ തര്‍ക്കങ്ങളില്ലാതെ നടക്കുമെന്നുറപ്പാണ്.
ഒരു പാര്‍ട്ടിയെ സംബന്ധിച്ച് ഏറെ ആശ്വസിക്കാവുന്ന ഒരു അവസ്ഥയാണിതെങ്കിലും മറ്റു കാര്യങ്ങളൊന്നും അത്ര ആശ്വാസകരമല്ല സി.പി.എമ്മിന്. ഈ ആശ്വാസത്തിന്റെ ഇരട്ടി ഭാരമുള്ള വെല്ലുവിളികള്‍ക്കു നടുവിലൂടെയാണ് പ്രസ്ഥാനം കടന്നുപോകുന്നത്. അതിന്റെ പകുതി ഉണ്ടാക്കിവച്ചത് പിണറായി സര്‍ക്കാരാണ്. ബാക്കി പകുതി കണ്ണൂര്‍ സഖാക്കളുടെ കൈയിലിരിപ്പിന്റെ സംഭാവനയും. അതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ മെനയുക എന്നത് ഈ സമ്മേളനത്തിന്റെ ഭാരിച്ച ചുമതലയായി മാറുകയാണ്.ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്ന 'എല്ലാം ശരിയാകും' എന്നത് പാര്‍ട്ടി സഖാക്കള്‍ പോലും തമാശയായി പറയുന്നിടത്തെത്തിയിട്ടുണ്ട് കാര്യങ്ങള്‍. അത്രമാത്രം പേരുദോഷങ്ങള്‍ പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിവച്ചിട്ടുണ്ട്. അതില്‍ ഭീമമായൊരു പങ്കു വഹിച്ചത് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന പൊലിസ് വകുപ്പാണ്. കടുത്ത വിമര്‍ശനങ്ങള്‍ വരുത്തിവച്ച പൊലിസ് നടപടികളുടെ പരമ്പര തന്നെ ഈ ഭരണത്തിലുണ്ടായി. മുമ്പെങ്ങുമില്ലാത്ത വിധം പൊലിസില്‍ വര്‍ഗീയതയും ജാതീയതയും വരെ ആരോപിക്കാന്‍ ഇടനല്‍കുന്ന സംഭവങ്ങളുണ്ടായി. പൊലിസ് സംഘ്പരിവാര്‍ നിയന്ത്രണത്തിലാണെന്ന് ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ക്കു തന്നെ പരസ്യമായി പറയേണ്ട ഗതികേടുമുണ്ടായി. ജനകീയ സമരങ്ങളെ പൊലിസ് കൈകാര്യം ചെയ്ത രീതി പൊലിസ് സംവിധാനത്തിനാകെ തന്നെ ജനാധിപത്യവിരുദ്ധ മുഖമുണ്ടാക്കിക്കൊടുത്തു.
കൂട്ടത്തില്‍ മൂന്നു മന്ത്രിമാരുടെ രാജിക്കിടയാക്കിയ ആരോപണങ്ങളും സംഭവങ്ങളുമുണ്ടാക്കിയ ചീത്തപ്പേരും ഒട്ടും കുറവല്ല. പരസ്യമായ സി.പിഐ- സി.പി.എം പോര് സൃഷ്ടിച്ച ഭരണപ്രതിസന്ധികള്‍ കൂനിന്‍മേല്‍ കുരുവുമായി. ഇതിനെതിരേയെല്ലാം വലിയ വിമര്‍ശനങ്ങള്‍ സംസ്ഥാന നേതൃത്വത്തിനെതിരേ സമ്മേളനത്തില്‍ ഉയരുമെന്ന സൂചന ജില്ലാ സമ്മേളനങ്ങള്‍ നല്‍കിയിട്ടുണ്ട്.
കണ്ണൂരിലെ തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ പാര്‍ട്ടിക്കു നേരേ ഉയര്‍ത്തുന്നതും വലിയ വെല്ലുവിളിയാണ്. ഏറ്റവുമൊടുവില്‍ ശുഹൈബ് വധം പൊതുസമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധമുയര്‍ത്തുകയും പ്രതിപക്ഷത്തിനു വലിയ തോതില്‍ ഊര്‍ജം പകരുകയും ചെയ്ത രാഷ്ട്രീയ സാഹചര്യത്തിലാണ് സമ്മേളനത്തിനു കൊടിയേറിയത്. പാര്‍ട്ടിയെ തീര്‍ത്തും പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളാണ് ശുഹൈബ് വധവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവില്‍ പുറത്തുവന്നത്.
ഇതു മുമ്പൊന്നുമില്ലാത്ത വിധം കണ്ണൂര്‍ പാര്‍ട്ടിയില്‍ തന്നെ ജില്ലാ കമ്മിറ്റി അംഗമടക്കമുള്ള ചില നേതാക്കളും പ്രവര്‍ത്തകര്‍ പോലും എതിര്‍പ്പുമായി രംഗത്തുവരുന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചിട്ടുണ്ട്. ഇതും സംസ്ഥാന സമ്മേളനത്തില്‍ വലിയ തോതില്‍ പ്രതിധ്വനിക്കും. വെല്ലുവിളികള്‍ക്കെല്ലാമുള്ള രാഷ്ട്രീയ പ്രതിവിധികളും മറുപടികളും കണ്ടെത്താന്‍ സമ്മേളനം ചെറുതല്ലാത്ത രീതിയില്‍ വിയര്‍ക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."