അഴീക്കല്‍ തുറമുഖ ചാലിന്റെ ആഴം ഏഴു മീറ്ററായി ഉയര്‍ത്തും: കടന്നപ്പള്ളി
കണ്ണൂര്‍: അഴീക്കല്‍ തുറമുഖ ചാലിന്റെ ആഴം ഏഴുമീറ്ററായി ഉയര്‍ത്തുകയാണു സര്‍ക്കാര്‍ ലക്ഷ്യമെന്നു തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. എന്നാലേ കണ്ടെയ്നര്‍ കപ്പലുകളുടെ ഗതാഗതം സുഗമാമാകൂവെന്നും അദ്ദേഹം പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. തുറമുഖ ഭൂപടത്തില്‍ അഴീക്കലിനു സുപ്രധാന സ്ഥാനമുണ്ടാക്കും. രാജ്യത്തെ കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട പ്രധാന കണ്ണിയാണു അഴീക്കല്‍. പ്രകൃതിദത്ത സൗകര്യവും അഴീക്കലിനു ഗുണകരമാകും. മലബാറിലെ തന്നെ വാണിജ്യ തുറമുഖമായി അഴീക്കലിനെ മാറ്റുകയാണു ലക്ഷ്യം. ആഴംകൂട്ടാനുള്ള ഡ്രഡ്ജിങ് പ്രവൃത്തി ഉടന്‍ ആരംഭിക്കും. ആഴം വരുത്തിയാലേ കണ്ടെയ്നര്‍ കപ്പലുകള്‍ക്ക് അഴീക്കലില്‍ പ്രവേശിക്കാ നാകൂ. ഇതിനു അടിയന്തിരമായി സര്‍ക്കാര്‍ സൗകര്യമൊരുക്കും. കൊച്ചി, മംഗളൂരു, ഗുജറാത്ത് തുറമുഖങ്ങളുമായി അഴീക്കലിനെ ബന്ധിപ്പിക്കും. തുറമുഖ വികസനത്തോടൊപ്പം തന്നെ റോഡ്, റെയില്‍ ഗതാഗത സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്. ഇതിനു കേന്ദ്രസഹായം ലഭിക്കണം. കണ്ടെയ്നര്‍ കപ്പലുകളുടെ പ്രവേശനത്തിനു സാങ്കേതിക, ഭൗതിക സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കും. തുറമുഖ വികസനത്തിന് ആവശ്യമായ ഭൂമിയും ഏറ്റെടുക്കേണ്ടതുണ്ട്. വൈദ്യുതി, പൊതുമരാമത്ത്, റെയില്‍വേ വകുപ്പുകളുടെ സംയോജനവും ആവശ്യമുണ്ടെന്നും കടന്നപ്പള്ളി പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് കെ.ടി ശശി അധ്യക്ഷനായി. സെക്രട്ടറി എന്‍.പി.സി രംജിത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."