കടലിന്റെ കലി ഭയന്ന് കടപ്പുറം സര്‍ക്കാര്‍ സഹായം പേരിനു മാത്രമെന്നു പരാതി
കണ്ണൂര്‍: കാലവര്‍ഷം എത്താ നിരിക്കെ ജില്ലയിലെ തീരദേശവാസികള്‍ ഭയപ്പാടില്‍. ഏഴര കടപ്പുറം, ആയിക്കര, മൈതാനപ്പള്ളി, മുഴപ്പിലങ്ങാട്, എടക്കാട് തുടങ്ങിയ ഭാഗങ്ങളിലെ തീരദേശവാസികള്‍ ഈ വര്‍ഷവും കടലിന്റെ കലിയെ ഭയന്നു ജീവിക്കുകയാണ്. ഓരോ തവണയും രൂക്ഷമായ കടലാക്രമണം കാരണം താല്‍ക്കാലികമായി താമസസ്ഥലം ഉപേക്ഷിച്ച് പോകുകയല്ലാതെ അധികൃതരുടെ ഭാഗത്തു നിന്നു സഹായങ്ങളൊന്നും കൃത്യമായി ലഭിക്കാത്ത അവസ്ഥയാണ്. ജൂണ്‍ ആദ്യവാരം തന്നെ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് സൂചന. ഇത്തവണ കാലവര്‍ഷം ശക്തമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ സ്വന്തമായുള്ളതെല്ലാം കെട്ടിപ്പെറുക്കി എങ്ങോട്ടുപോകുമെന്ന ഭീതിയിലാണ് തീരദേശവാസികള്‍. കഴിഞ്ഞ വര്‍ഷം ഏഴരയില്‍ രൂക്ഷമായ കടലാക്രമണത്തെത്തുടര്‍ന്ന് റോഡ് മുഴുവനായി കടലെടുത്തിരുന്നു.
തീരമേഖലയില്‍ നിരവധി നാശനഷ്ടങ്ങളും കഴിഞ്ഞതവണ ഉണ്ടായി. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും കടലാക്രമണത്തില്‍ തകര്‍ന്ന റോഡ് പോലും പുനഃസ്ഥാപിക്കാനോ പ്രദേശവാസികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താനോ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. തകര്‍ന്ന കടല്‍ഭിത്തികളും പുനര്‍നിര്‍മിച്ചിട്ടില്ല.
താല്‍ക്കാലികമായി ഭിത്തി നിര്‍മിക്കുമെന്ന് വാഗ്ദാനം നല്‍കിയ അധികൃതര്‍ ഇതുവരെയും അതിനുള്ള തയാറെടുപ്പ് പോലും ചെയ്തില്ലെന്നും പരാതിയുണ്ട്. കടലാക്രമണം ശക്തിയാകുന്ന സമയത്ത് തീരമേഖലയില്‍ മാസങ്ങളോളം ലഭിക്കുന്നത് ഉപ്പുവെള്ളമാണ്. ഉഗ്രശബ്ദത്തോടെ കൂറ്റന്‍തിര കരയിലേക്ക് ആഞ്ഞടിക്കുമ്പോള്‍ കുടുംബവീടുകളെ ആശ്രയിക്കുകയാണ് ഭൂരിപക്ഷം പ്രദേശവാസികളും. നിരവധി കുടുംബങ്ങളാണ് ജില്ലയില്‍ തീരദേശ മേഖലയില്‍ കടലാക്രമണ ഭീഷണിയില്‍ ജീവിക്കുന്നതെങ്കിലും സര്‍ക്കാര്‍ സഹായം പേരിന് മാത്രമാണെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."