പൊലിസിന്റെ പണി പാര്‍ട്ടി എടുക്കേണ്ട: കോടിയേരി
തൃശൂര്‍: പൊലിസിന്റെയും കോടതിയുടെയും പണി പാര്‍ട്ടി എടുക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശുഹൈബ് വധത്തില്‍ സ്വതന്ത്രമായ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ശുഹൈബ് വധം പാര്‍ട്ടി സംഘടനാതലത്തില്‍ അന്വേഷിക്കുമെന്നും പ്രതി ആകാശ് പാര്‍ട്ടി പ്രവര്‍ത്തകനാണെന്നുമുള്ള കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു കോടിയേരി. പ്രതികളില്‍ പാര്‍ട്ടിക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് നായകപരിവേഷം നല്‍കേണ്ട. അത്തരക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ല. അവരെ മഹത്വവല്‍ക്കരിക്കുന്നതിനെ പാര്‍ട്ടി അംഗീകരിക്കില്ല. കണ്ണൂരിലെ സമാധാനയോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചത് ശരിയായില്ല. സമാധാനം ആഗ്രഹിക്കുന്നവരോടുള്ള വെല്ലുവിളിയാണിത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി ആലോചിച്ച ശേഷമാണ് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചത്. മറ്റു കക്ഷികളുമായി ആലോചിച്ചശേഷം യോഗത്തില്‍ പങ്കെടുക്കാന്‍ ചെന്നിത്തല സന്നദ്ധത അറിയിച്ചിരുന്നു. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവരെ ഈ വിഷയം നീട്ടിക്കൊണ്ടുപോകാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."