ഹാദിയ കേസ് ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ഡോ.ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയത് ചോദ്യംചെയ്ത് കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസ് നീട്ടിവയ്ക്കണമെന്ന ഹാദിയയുടെ പിതാവ് അശോകന്റെ ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് തള്ളിയതോടെയാണ് ഹരജി ഇന്ന് പരിഗണിക്കുന്നത്.
മാതാപിതാക്കള്‍ക്കതിരേ നിശിതമായ വിമര്‍ശനവും വെളിപ്പെടുത്തലും ഉള്‍പ്പെടുത്തി സുപ്രിംകോടതി മുന്‍പാകെ ചൊവ്വാഴ്ച ഹാദിയ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാല്‍ കേസ് നീട്ടിവയ്ക്കണമെന്നാണ് അശോകന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, കേസ് നീട്ടിവയ്ക്കില്ലെന്നും അശോകന് പറയാനുള്ളത് ഇന്നു അറിയിക്കാമെന്നും കോടതി മറുപടി പറയുകയായിരുന്നു.
കഴിഞ്ഞമാസം 23ന് കേസ് പരിഗണിക്കവെ ഹാദിയക്ക് കേസില്‍ കക്ഷിചേരാന്‍ കോടതി അനുമതി നല്‍കിയിരുന്നു. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ തന്നെ ഇവിടെ പറഞ്ഞ സാഹചര്യത്തില്‍ വിവാഹത്തെപ്പറ്റി എന്‍.ഐ.എ അന്വേഷിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഹാദിയയുടെ വിവാഹം ശരിവയ്ക്കുന്ന വിധത്തിലായിരുന്നു അന്ന് കോടതി നിലപാട്. കോടതി നിര്‍ദേശപ്രകാരമാണ്, അച്ഛനു പിന്നിലുള്ളവര്‍ തന്നെ പീഡിപ്പിച്ചിരുന്നുവെന്നും തനിക്കു നഷ്ടപരിഹാരം വേണമെന്നും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഹാദിയ ചൊവ്വാഴ്ച സത്യവാങ്മൂലം നല്‍കിയത്.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാവ് എ.എസ് സൈനബ, മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണി എന്നിവയ്‌ക്കെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് ഹാദിയയുടെ അച്ഛന്‍ അശോകനും പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. മകള്‍ മുസ്‌ലിമായി ജീവിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ മകളെ സിറിയയില്‍ കൊണ്ടുപോയി ലൈംഗിക അടിമയാക്കുന്നത് ചിന്തിക്കാന്‍ കഴിയില്ല. മകളുടെ ക്ഷേമം മാത്രമാണ് ആഗ്രഹിക്കുന്നത്. കേസില്‍ ഇസ്‌ലാംമതത്തിനു ബന്ധമില്ല.
മകളെ വശീകരിച്ച് മസ്തിഷ്‌കപ്രക്ഷാളനം നടത്തിയാണ് മതം മാറ്റിയത്. മതംമാറ്റത്തിനു പിന്നില്‍ പോപ്പുലര്‍ഫ്രണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.
കേസില്‍ എട്ടാമത്തെ എതിര്‍കക്ഷിയായ എ.എസ് സൈനബ, ഹാദിയയുടെ അച്ഛനും സംഘ്പരിവാരത്തിന്റെ കീഴിലുള്ള ഘര്‍വാപസി കേന്ദ്രങ്ങള്‍ക്കും എതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."