ഇറാന്‍ വിമാന അപകടം; 32 മൃതദേഹങ്ങള്‍ കണ്ടെത്തി
തെഹ്‌റാന്‍: ഇറാനില്‍ തകര്‍ന്നുവീണ യാത്രാ വിമനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ദേന മലനിരയില്‍ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയ അതേ സ്ഥലത്തുനിന്നാണ് മൃതദേഹങ്ങളും കണ്ടെടുത്തിരിക്കുന്നത്. വിമാനം തകര്‍ന്നുവീഴുമ്പോള്‍ 66 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ 32 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്താനായത്.
ഇറാന്‍ ജുഡീഷ്യറിയുടെ ഔദ്യോഗിക വാര്‍ത്താ സൈറ്റ് ആയ മിസാന്‍ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാവിലെ ടെഹ്‌റാനില്‍ നിന്ന് യാത്ര തിരിച്ച ആസിമാന്‍ എയര്‍ലൈന്‍സിന്റെ വിമാനം ദേന മലനിരകളില്‍ തകര്‍ന്നുവീഴുകയായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം മലനിരകളില്‍ തട്ടി തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് വിവരം. 66 യാത്രികരില്‍ ആരും രക്ഷപ്പെട്ടിട്ടില്ല. പല മൃതദേഹങ്ങളും മഞ്ഞിലും ഐസ്പാളികളിലും കുടുങ്ങിക്കിടക്കുകയാണ്.
തെഹ്‌റാനില്‍ നിന്ന് യസൂജിലേക്ക് യാത്ര തിരിച്ച വിമാനം 50 മിനുട്ടിന് ശേഷം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. അതിശൈത്യവും കാറ്റും തെരച്ചിലിനെ ദുഷ്‌കരമാക്കി. ഒടുവില്‍ റവല്യൂഷനറി ഗാര്‍ഡിന്റെ ഹെലികോപ്ടറുകളാണ് ചൊവ്വാഴ്ച രാവിലെ ദേന മലനിരകളില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മഞ്ഞില്‍ മൂടിയ നിലയിലായിരുന്നു അവശിഷ്ടങ്ങള്‍. നൂറുകണക്കിന് പര്‍വതാരോഹകരുള്‍പ്പെടെ പങ്കാളികളായ തെരച്ചിലിലാണ് ഇപ്പോള്‍ മൃതദേഹങ്ങളും കണ്ടെത്താനായത്.
എന്നാല്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇരട്ട എന്‍ജിനുകളോട് കൂടിയ ടര്‍ബോ പ്രോപ് എ.ടി.ആര്‍ 72 വിമാനം 24 വര്‍ഷം പഴക്കമുള്ളതാണ്. അടുത്ത കാലത്തായി നിരവധി വിമാനദുരന്തങ്ങളാണ് ഇറാനിലുണ്ടായിരിക്കുന്നത്. 2003ല്‍ 76 പേരും 2009ല്‍ 168 പേരും 2011 ല്‍ 78 പേരും ഇറാനില്‍ വിമാനം തകര്‍ന്ന് കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."