ഫലസ്തീന്‍- ഇസ്‌റാഈല്‍ അന്താരാഷ്ട്ര സമാധാന യോഗ ആവശ്യവുമായി മഹ്മൂദ് അബ്ബാസ്
ന്യൂയോര്‍ക്ക്: ഇസ്‌റാഈലിനും ഫലസ്തീനിനും ഇടയിലെ പ്രശ്‌ന പരിഹാരത്തിനായി അന്താരാഷ്ട്ര സമാധാന യോഗം നടത്തണമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ഈ വര്‍ഷം മധ്യത്തോടെ ചര്‍ച്ച പുനരാരംഭിക്കണമെന്ന് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
യു.എന്‍ രക്ഷാസമതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു രാജ്യങ്ങള്‍ക്കിടയിലെയും പ്രശ്‌ന പരിഹാരത്തിനായി സമാധാന ശ്രമങ്ങള്‍ മാത്രമേ മാര്‍ഗമായുള്ളൂവെന്ന് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.
ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി യു.എസ് അംഗീകരിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കെയാണ് അബ്ബാസിന്റെ രക്ഷാസമിതി അഭിസംബോധനം. ഇസ്‌റാഈലുമായുള്ള ചര്‍ച്ച മധ്യസ്ഥരായി യു.എസിനെ അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
യു.എന്നില്‍ പൂര്‍ണ അംഗത്വം നേടാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്ന് അബ്ബാസ് പറഞ്ഞു. നിലവില്‍ യു.എന്നില്‍ നിരീക്ഷക പദവിയില്ലാത്ത രാജ്യമായിട്ടാണ് ഫലസ്തീനെ പരിഗണിക്കുന്നത്.
രക്ഷാ സമിതിയില്‍ ഫലസ്തീനിനായി 1948 മുതല്‍ 86 തീരുമാനങ്ങള്‍ സ്വീകരിച്ചെങ്കിലും ഒന്നുപോലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇസ്‌റാഈല്‍ നിയമങ്ങള്‍ക്ക് അതീതരായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
ഫലസ്തീന്‍ പ്രദേശങ്ങളില്‍ സ്ഥിര കുടിയേറ്റങ്ങളും അധിനിവേശ പ്രവര്‍ത്തനങ്ങളുമാണ് ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അബ്ബാസ് കുറ്റപ്പെടുത്തി.
എന്നാല്‍ ഇസ്‌റാഈലുമായി നേരിട്ടുള്ള ചര്‍ച്ചക്ക് പകരം അന്താരാഷ്ട്ര സമാധാന യോഗ ആവശ്യം 25 വര്‍ഷമായി തുടരുന്ന സമാധാന ശ്രമങ്ങളില്‍ നിന്നുള്ള മാറ്റമാണ്. ഇരു രാജ്യങ്ങളിലെയും നേരിട്ടുള്ള അവസാന ചര്‍ച്ച 2014 ഏപ്രിലിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. ഇത്തരത്തിലുള്ള ആവശ്യം ഇസ്‌റാഈല്‍ നേരത്തെ നിരസിച്ചിരുന്നു. ഇക്കാര്യം രക്ഷാസമതിയില്‍ മഹ്മൂദ് അബ്ബാസിന് മറുപടിയായി ഇസ്‌റാഈല്‍ അംബാസഡര്‍ ഡാനി ഡാനന്‍ പറഞ്ഞു.
ഇരു രാജ്യങ്ങള്‍ക്കിടയിലെയും ചര്‍ച്ചക്കായി റാമല്ലയില്‍ നിന്ന് ജറൂസമിലേക്ക് എത്താനുള്ള ചുരുങ്ങിയ ദൂരം നിലനില്‍ക്കെ എന്തിനാണ് ദൂരെയുള്ള ന്യൂയോര്‍ക്കിനെ തിരഞ്ഞെടുക്കുന്നതെന്ന് ഡാനി ഡാനന്‍ പറഞ്ഞു.
ഇരു രാജ്യങ്ങള്‍ക്കിടയിലെ ചര്‍ച്ച ഫലസ്തീന്‍ ജനതയുടെ ജീവിതം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് യു.എസിന്റെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."