വി.എസ് പതാക ഉയര്‍ത്തി; സി.പി.എം സംസ്ഥാന സമ്മേളനത്തിന് തുടക്കം I Live
തൃശൂര്‍: ഇരുപത്തിരണ്ടാം സി.പി.എം സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി. രാവിലെ പത്തുമണിയോടെ പ്രതിനിധി സമ്മേളന വേദിയായ റീജ്യനല്‍ തിയേറ്ററിനു മുന്നില്‍ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
സി.പി.എം വെല്ലുവിളികള്‍ നേരിടുന്ന നാളുകളാണിതെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒന്നിച്ചുനില്‍ക്കണമെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്തെ അടിസ്ഥാന സ്വഭാവത്തെ ബി.ജെ.പി തകര്‍ക്കുകയാണ്. മതനിരപേക്ഷത തകര്‍ക്കാന്‍ ആര്‍.എസ്.എസ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നവ ഉദാര നയങ്ങള്‍ പിന്തുടരുന്ന ബി.ജെ.പി രാജ്യത്തെ വലിയ തകര്‍ച്ചയിലേക്കാണ് നയിക്കുന്നതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് യെച്ചൂരി പറഞ്ഞു.
ഉച്ചതിരിഞ്ഞ് മൂന്നിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രതിനിധികളുടെ ഗ്രൂപ്പ് ചര്‍ച്ച നടക്കും. നാളെയും മറ്റന്നാളുമായി ഒന്‍പതര മണിക്കൂര്‍ റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ച നടക്കും.
ഇടതുമുന്നണി വികസനവും കണ്ണൂരിലെ കൊലപാതക രാഷ്ട്രീയവും സമ്മേളനത്തില്‍ ചര്‍ച്ചയാകും. യു.ഡി.എഫ് വിട്ടുവന്ന ജെ.ഡി.യുവിനെ മുന്നണിയില്‍ ഉള്‍പെടുത്തുന്ന കാര്യവും കെ.എം മാണിയുടെ കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്കു കൊണ്ടുവരുന്നതിനുള്ള സാധ്യതകളും സമ്മേളനം ചര്‍ച്ച ചെയ്യും.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ജില്ലാ നേതൃത്വത്തിനെതിരേ ശക്തമായ വിമര്‍ശനമുയരുമെന്ന സൂചനയുണ്ട്. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയുടെ ഉത്തരവാദി ജയരാജനാണെന്ന് ചില അംഗങ്ങള്‍ ആരോപിച്ചു.
(വിഡിയോ കടപ്പാട്: സിപിഐഎം ഫേസ്ബുക്ക് പേജ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."