അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് അനുമതി; ക്രമവല്‍ക്കരണ ചട്ടം 2018 നിലവില്‍ വന്നു
മലപ്പുറം: കെട്ടിടനിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുന്ന ക്രമവല്‍ക്കരണ ചട്ടം 2018 നിലവില്‍വന്നു. കേരള പഞ്ചായത്ത് രാജ് ആക്ടിലെ 235 എ.ബി വകുപ്പും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 407ാം വകുപ്പുമാണ് കെട്ടിടനിയമങ്ങള്‍ ലംഘിച്ച് കെട്ടിയ വീടുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെ ക്രമവല്‍ക്കരണം ലക്ഷ്യമിട്ട് ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്തിരിക്കുന്നത്.
പുതിയ ഓര്‍ഡിനന്‍സിലൂടെ 2017 ജൂലൈ 31 വരെയുള്ള പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പരിധിയിലെ അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ കഴിയും. കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ പുനരുദ്ധാരണം എന്നിവ ക്രമവല്‍ക്കരണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 2013 മാര്‍ച്ച് 31 വരെയുള്ള അനധികൃത നിര്‍മാണങ്ങളായിരുന്നു ക്രമവല്‍ക്കരിക്കാന്‍ കഴിയുക.
ജില്ലാ ടൗണ്‍ പ്ലാനര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന ജില്ലാതല സമിതിയാണ് അനുമതിക്കായി തീരുമാനമെടുക്കേണ്ടത്. കെട്ടിട നിയമം ലംഘിച്ച വ്യക്തി സ്വയം നിയമലംഘനം സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. ജില്ലാ ടൗണ്‍പ്ലാനറും തദ്ദേശസ്ഥാപന ജില്ലാ ഉദ്യോഗസ്ഥനും പരിശോധിച്ച് പിഴ തിട്ടപ്പെടുത്തും.
അതേസമയം കോര്‍പറേഷനുകളിലോ മുനിസിപ്പാലിറ്റികളിലോ ഉള്ള ക്രമവല്‍ക്കരണത്തിന് ജില്ലാ ടൗണ്‍ പ്ലാനര്‍, റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന ജില്ലാതലസമിതിയായിരിക്കും തീരുമാനമെടുക്കുക. ഭേദഗതി വരുത്തിയ ചട്ടങ്ങള്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിനാല്‍ നാലുദിവസത്തിനകംതന്നെ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമാനുസൃതമുള്ള ഫോറത്തില്‍ അപേക്ഷ നല്‍കാവുന്നതാണ്.
നിയമലംഘനം നടന്നിട്ടുള്ള കെട്ടിടങ്ങളുടെ പ്ലാന്‍, അനധികൃത നിര്‍മാണത്തിന്റെ അനുപാതം അപേക്ഷകന്‍ തയാറാക്കിയ സാക്ഷ്യപത്രത്തിനൊപ്പം നല്‍കണം. ജില്ലാതലത്തില്‍ രൂപീകരിച്ച സമിതി ഇതു പരിശോധിച്ച് കോമ്പൊണ്ടിങ് ഫീ കണക്കാക്കും. ഫീയുടെ 50 ശതമാനം സര്‍ക്കാര്‍ ട്രഷറിയിലും ബാക്കി 50ശതമാനം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലുമാണ് അടയ്‌ക്കേണ്ടത്. ക്രമവല്‍ക്കരണം മൂലം ലഭ്യമാകുന്ന ഫീസിന്റെ 50% തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിലേക്കാണ് ലഭിക്കുക.
ഫീസ് അടച്ച് രശീതി ലഭ്യമാക്കുന്ന മുറയ്ക്ക് കെട്ടിടം ക്രമവല്‍ക്കരിച്ചുവെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി നല്‍കുന്നതോടൊപ്പം ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റും നല്‍കും. നിയമം ലംഘിച്ച ടെലികമ്മ്യൂണിക്കേഷന്‍ ടവറുകള്‍ക്ക് പഞ്ചായത്ത് പരിധിയില്‍ ഒരു ലക്ഷം രൂപയും മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ ഒന്നരലക്ഷം രൂപയും കോമ്പൗണ്ടിങ് ഫീസ് അടയ്ക്കണം. എന്നാല്‍ നെല്‍വയല്‍ സംരക്ഷണ നിയമം, അഗ്‌നിശമനസേന, കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ (സി.ആര്‍.ഇസഡ്) , പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, പരിസ്ഥിതി നിയമങ്ങള്‍ എന്നിവയുടെ ലംഘനങ്ങള്‍ ഈ ചട്ടങ്ങളുടെ പരിധിയില്‍ ക്രമവല്‍ക്കരിക്കാന്‍ കഴിയില്ല.
പഞ്ചായത്ത്, മുനിസിപ്പല്‍ പരിധിയില്‍ 600 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള ഏകവാസ വീടുകള്‍ക്ക് കോമ്പൗണ്ടിങ് ഫീസ് ഈടാക്കില്ല. 600നു മുകളില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ളവക്ക് 2000 രൂപയും മുനിസിപ്പല്‍, കോര്‍പറേഷന്‍ പരിധിയില്‍ 3000 രൂപയും അടക്കണം. 1001 മുതല്‍ 2000 സ്‌ക്വയര്‍ ഫീറ്റ് വരെ യുള്ളവക്ക് 15,000 രൂപയും 2001 മുതല്‍ 3000 സ്‌ക്വയര്‍ഫീറ്റ് വരെയുള്ളവക്ക് 20,000 രൂപയും അടക്കണം. മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പരിധിയിലിത് യഥാക്രമം 20,000 രൂപ, 30,000 രൂപ എന്നിങ്ങനെ ഫീസ് ഈടാക്കും.
വാണിജ്യ കെട്ടിടങ്ങള്‍ക്ക് പ്രത്യേക കോമ്പൗണ്ടിങ് ഫീയാണ് കണക്കാക്കിയിട്ടുള്ളത്.
നിയമലംഘനത്തിന്റെ തോതനുസരിച്ച് പിഴ വ്യത്യാസപ്പെടും. കാര്‍ പാര്‍ക്കിങ് 50 ശതമാനം ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ പഞ്ചായത്ത് പരിധിയില്‍ കുറവ് വരുന്ന കാര്‍ പാര്‍ക്കിങ് ഒന്നിന് 2 ലക്ഷം രൂപ വീതവും 25 ശതമാനം കാര്‍ പാര്‍ക്കിങ് ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ കുറവ് വരുന്ന കാര്‍ പാര്‍ക്കിങ് ഒന്നിന് മൂന്ന് ലക്ഷം രൂപ വീതവും എന്നാല്‍ 25 ശതമാനത്തില്‍ താഴെയാണ് കാര്‍ പാര്‍ക്കിങ് ഉള്ളതെങ്കില്‍ കുറവ് വരുന്ന ഓരോ കാര്‍ പാര്‍ക്കിങിന് മൂന്നര ലക്ഷം രൂപ വീതവും കോമ്പൗണ്ടിങ് ഫീയായി അടയ്‌ക്കേണ്ടി വരും
കോര്‍പറേഷന്‍ പരിധിയില്‍ കാര്‍ പാര്‍ക്കിങ് 50 ശതമാനം ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ കാര്‍ ഒന്നിന് 3 ലക്ഷം രൂപയും, മുനിസിപ്പാലിറ്റി പരിധിയില്‍ 2.5 ലക്ഷം രൂപയും , കോമ്പൗണ്ടിങ് ഫീയായി അടയ്‌ക്കേണ്ടി വരും. 25% കാര്‍ പാര്‍ക്കിങ് ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ കോര്‍പറേഷന്‍ പരിധിയില്‍ കാര്‍ ഒന്നിന് നാലുലക്ഷം രൂപയും, മുനിസിപ്പാലിറ്റി പരിധിയില്‍ 3.5 ലക്ഷം രൂപയും, കോമ്പൗണ്ടിങ് ഫീ ഇനത്തില്‍ അടയ്‌ക്കേണ്ടി വരും. എന്നാല്‍ 25% ല്‍ താഴെയാണ് കാര്‍ പാര്‍ക്കിങ് ഉള്ളുവെങ്കില്‍ കോര്‍പറേഷന്‍ പരിധിയില്‍ 5 ലക്ഷം രൂപയും മുനിസിപ്പാലിറ്റി പരിധിയില്‍ നാലു ലക്ഷം രൂപയും കോമ്പൗണ്ടിംഗ് ഫീയായി അടയ്ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."