വിവാഹം റദ്ദാക്കിയതും ഷെഫിന്‍ ജഹാനെതിരായ ആരോപണവും രണ്ടുവിഷയം: സുപ്രിംകോടതി
ന്യൂഡല്‍ഹി: ഹാദിയയുമായുള്ള ഷെഫിന്‍ ജഹാന്റെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതും ഷെഫിനെതിരായ ആരോപണങ്ങളും രണ്ടുവിഷയമെന്ന് സുപ്രിംകോടതി. വിവാഹം നിയമവിരുദ്ധമോ അസാധുവോ ആകാം. എന്നാല്‍, പരസ്പര സമ്മതത്തോടെ പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് സാധിക്കുമോ ?- കോടതി ചോദിച്ചു.
ഹൈക്കോടതിക്ക് ഭരണഘടനയുടെ 226ാം അനുച്ഛേദപ്രകാരമുള്ള അധികാരമുപയോഗിച്ച് പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മിലുള്ള വിവാഹം റദ്ദാക്കാനാകുമോ എന്നതാണ് ചോദ്യം. വിവാഹവും എന്‍.ഐ.എ അന്വേഷണവും രണ്ടായി കാണുമെന്നും കോടതി ആവര്‍ത്തിച്ചു. ഹാദിയ കേസില്‍ ഇനിയൊന്നും ബാക്കിയില്ലെന്നും വേഗം ഉത്തരവിറക്കണമെന്നും ഷെഫിന്‍ ജഹാനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഹാദിയ കോടതിയില്‍ ഹാജരായി എല്ലാം പറഞ്ഞതാണ്. തുടര്‍ന്ന് ഇടക്കാല ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കേസില്‍ വാദംകേള്‍ക്കുന്നതിനിടെ ഹാദിയക്കും ഷെഫിനുമെതിരേ അശോകന്റെ അഭിഭാഷകന്‍ ശ്യാംദിവാന്‍ പഴയ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. ഹാദിയയുടേത് സാധാരണ കേസായി കാണാനാവില്ലെന്നും മതംമാറ്റത്തിനുപിന്നില്‍ സംഘടിത ശക്തികളുണ്ടെന്നും ശ്യാംദിവാന്‍ വാദിച്ചു. ലൈംഗിക അടിമയായി ഭീകരരുടെ തലമുറയ്ക്ക് ജന്‍മംനല്‍കാന്‍ കൊണ്ടുപോവാനിരിക്കുകയാണ്.
കോടതിയില്‍നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗമായാണ് ഷെഫിന്‍ അവളെ വിവാഹംചെയ്തത്. കോളജില്‍വച്ച് ഹാദിയ അച്ഛനുമായി സംസാരിക്കുന്നതിനിടെ സിറിയയിലേക്ക് ആടുമേയ്ക്കാന്‍ പോവുന്നതില്‍ ആഗ്രഹമുള്ളതായി സൂചിപ്പിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അച്ഛന്‍ അന്വേഷിച്ചപ്പോള്‍ വലിയൊരു സംഘടിത നീക്കങ്ങള്‍ അവള്‍ക്കുപിന്നില്‍ ഉള്ളതായി കണ്ടെത്തിയെന്നും ശ്യാംദിവാന്‍ വാദിച്ചു. അങ്ങനെയുണ്ടെങ്കില്‍ നിയമം അത് നോക്കുമെന്ന് ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."