ചര്‍ച്ച കണ്ണൂരില്‍ കേന്ദ്രീകരിക്കും; പി. ജയരാജനെതിരേ ചോദ്യങ്ങളുയരും
തൃശൂര്‍: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേല്‍ ഇന്നും നാളെയുമായി നടക്കുന്ന ചര്‍ച്ച കണ്ണൂര്‍ രാഷ്ട്രീയത്തില്‍ കേന്ദ്രീകരിക്കും. ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ പ്രതിനിധികളില്‍നിന്ന് രൂക്ഷമായ വിമര്‍ശനമുയരും.
ഇന്നലെ വൈകിട്ട് തുടങ്ങി രാത്രി അവസാനിച്ച ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളുടെ ഗ്രൂപ്പ് ചര്‍ച്ചയില്‍ കണ്ണൂര്‍ രാഷ്ട്രീയമാണ് മുന്നിട്ടുനിന്നത്. കണ്ണൂരിലെ കൊലകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്ന് ഗ്രൂപ്പ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ജില്ലയില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതുണ്ടെന്ന വികാരം ചര്‍ച്ചയിലുയര്‍ന്നു.
റിപ്പോര്‍ട്ടില്‍ വ്യക്തികേന്ദ്രീകൃത പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനു കണ്ണൂരിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലിയോടുള്ള വിയോജിപ്പ് പ്രകടമാണ്. അതുകൊണ്ടുതന്നെ ആ ദിശയിലുള്ള ചര്‍ച്ചയ്ക്കു പ്രാമുഖ്യം ലഭിക്കും.
ചര്‍ച്ച സംസ്ഥാന പൊലിസിനെതിരായ വിമര്‍ശനങ്ങളിലോ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളിലെ അപാകതകളിലോ കേന്ദ്രീകരിക്കാതിരിക്കാനുള്ള ചില മുതിര്‍ന്ന നേതാക്കളുടെ താല്‍പര്യം കണ്ണൂര്‍ പരാമര്‍ശങ്ങളിലുണ്ടെന്ന സൂചനയുണ്ട്. പൊലിസിനെതിരായി പൊതുസമൂഹത്തില്‍ നിന്നുയരുന്ന വിമര്‍ശനങ്ങളില്‍ പ്രതിനിധികളില്‍ വലിയൊരു വിഭാഗത്തിന് അതൃപ്തിയുണ്ടെങ്കിലും ആഭ്യന്തര വകുപ്പിനെതിരേ ശക്തമായ വിമര്‍ശനത്തിന് അധികമാരും മുതിരില്ലെന്ന സൂചനയുമുണ്ട്. ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനായതിനാല്‍ ഇക്കാര്യത്തിലുള്ള വിമര്‍ശനം സൂക്ഷിച്ചു മതിയെന്ന അഭിപ്രായമാണ് പ്രതിനിധികള്‍ക്കിടയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."