നിലമ്പൂര്‍ ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: നിലമ്പൂര്‍ കരുളായി വനത്തിലുണ്ടായ ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന് മലപ്പുറം ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. മാവോയിസ്റ്റുകളുടെ ആക്രമണം പ്രതിരോധിച്ചപ്പോഴാണ് രണ്ടുപേര്‍ക്ക് വെടിയേറ്റതെന്നും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം മനസിലായതെന്നും കലക്ടര്‍ അമിത് മീണ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2016 നവംബര്‍ 24നുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ്, സംഘാംഗം കാവേരി എന്ന അജിത എന്നിവരെ തണ്ടര്‍ബോള്‍ട്ട് വെടിവച്ചുകൊന്നിരുന്നു. കീഴടങ്ങിയ ഇവരെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍, ഏറ്റുമുട്ടലുണ്ടായ സ്ഥലത്തെ വൃക്ഷങ്ങളില്‍നിന്ന് പൊലിസിന്റെയും മാവോയിസ്റ്റുകളുടെയും തോക്കുകളിലെ ബുള്ളറ്റുകള്‍ കണ്ടെടുത്തിട്ടുണ്ട്.
ബാലിസ്റ്റിക്, ഫോറന്‍സിക് പരിശോധനകളില്‍ തോക്കില്‍നിന്ന് ഉതിര്‍ന്നതാണ് ഇവയെന്ന് വ്യക്തമായി. തണ്ടര്‍ബോള്‍ട്ട് നാല് തോക്കുകളില്‍ നിന്നും മാവോയിസ്റ്റുകള്‍ മൂന്നു തോക്കുകളില്‍ നിന്നും വെടിയുതിര്‍ത്തതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഏറ്റുമുട്ടല്‍ വ്യാജമാണെന്ന ആക്ഷേപമുയര്‍ന്നപ്പോള്‍ പൊതുജനങ്ങളില്‍നിന്ന് തെളിവെടുത്തിരുന്നു. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ആരും സമര്‍പ്പിച്ചില്ലെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ വ്യാജ ഏറ്റുമുട്ടല്‍ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗവും കര്‍ണാടക സംസ്ഥാന സെക്രട്ടറിയുമായ കുപ്പു ദേവരാജ് നാടുകാണി ദളത്തിന്റെ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു നിലമ്പൂരില്‍ എത്തിയത്.
കര്‍ണാടക സ്വദേശിയും ഗറില്ലാ സ്‌ക്വാഡിലെ പ്രധാന അംഗവുമായിരുന്നു അജിത. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിനെതിരേ സി.പി.ഐ പരസ്യമായി രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."