ശുഹൈബ് വധവും സെല്‍ഫി ആഘോഷവും
തൃശൂര്‍: ശുഹൈബ് വധത്തിലും അനുയായികളോടൊപ്പമുള്ള സെല്‍ഫി ആഘോഷത്തിലും പി. ജയരാജനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. ജയരാജനെ സമ്മേളനവേദിയില്‍ വിളിച്ചുവരുത്തിയാണ് ഇരുവരും അതൃപ്തി അറിയിച്ചത്.
പ്രതിനിധി സമ്മേളനത്തിനു തുടക്കംകുറിച്ച് വി.എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തുന്നതിനു മുന്‍പ് സമ്മേളനസ്ഥലത്തെത്തിയ ജയരാജനുചുറ്റും പ്രവര്‍ത്തകര്‍ കൂടിയിരുന്നു.
അവര്‍ മത്സരിച്ച് ജയരാജനൊപ്പം സെല്‍ഫിയെടുത്തു. ഈ ആള്‍ക്കൂട്ടത്തെ മറ്റു നേതാക്കള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിന്നീട് മുഖ്യമന്ത്രി ജയരാജനെ സമ്മേളനവേദിയിലേക്കു വിളിച്ചു. കോടിയേരിയും അവിടെയെത്തി. ആദ്യം സംസാരിച്ചു തുടങ്ങിയത് പിണറായിയാണ്. ശുഹൈബ് വധത്തില്‍ പൊലിസ് അന്വേഷണത്തിലല്ല പാര്‍ട്ടിതല അന്വേഷണത്തിലാണ് വിശ്വാസമെന്ന മട്ടില്‍ ജയരാജന്‍ നടത്തിയ പ്രസ്താവനയില്‍ തനിക്കുള്ള അതൃപ്തി പിണറായി അറിയിച്ചു.
പാര്‍ട്ടി ജില്ലാ ഘടകം പാര്‍ട്ടി ചുമതലകള്‍ നിര്‍വഹിച്ചാല്‍ മതിയെന്നും കേസന്വേഷണം പൊലിസ് നടത്തിക്കൊള്ളുമെന്നും ജയരാജന്റെ പ്രസ്താവന പാര്‍ട്ടിക്കു ദോഷമുണ്ടാക്കിയെന്നും പിണറായിയും കോടിയേരിയും പറഞ്ഞു.
സെല്‍ഫി പ്രകടനങ്ങളൊന്നും പാര്‍ട്ടി സമ്മേളനസ്ഥലത്തു വേണ്ടെന്നും അവര്‍ പറഞ്ഞു.
ഇവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇ.പി ജയരാജനും അടുത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."