ആയുസ് നീട്ടി ആഫ്രിക്ക; ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് ജയം
സെഞ്ചൂറിയന്‍: രണ്ടാം പോരാട്ടം വിജയിച്ച് പരമ്പര നേടാമെന്ന ഇന്ത്യന്‍ മോഹം ക്യാപ്റ്റന്‍ ജെ.പി ഡുമിനിയും വിക്കറ്റ് കീപ്പര്‍ ഹെയ്ന്റിച് ക്ലാസനും ചേര്‍ന്ന് തല്ലിക്കെടുത്തി. രണ്ടാം ടി20 പോരാട്ടത്തില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് വീഴ്ത്തി ദക്ഷിണാഫ്രിക്ക ആയുസ് നീട്ടിയെടുത്തു. ഇതോടെ നാളെ നടക്കുന്ന മൂന്നാമത്തേയും അവസാനത്തേയും പോരാട്ടം ഇരു ടീമുകള്‍ക്കും നിര്‍ണായകമായി.
ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യയുയര്‍ത്തിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെന്ന വെല്ലുവിളി 18.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 189 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. 30 പന്തില്‍ ഏഴ് സിക്‌സും മൂന്ന് ഫോറും സഹിതം ക്ലാസന്‍ 69 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ആതിഥേയര്‍ അനായാസം വിജയത്തിലേക്ക് കുതിച്ചു.
ക്യാപ്റ്റന്‍ ഡുമിനി 40 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 64 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് ക്ലാസനെ പിന്തുണയ്ക്കുകയും ചെയ്തത് നിര്‍ണായകമായി. ദക്ഷിണാഫ്രിക്ക വിജയ തീരമണയുമ്പോള്‍ പത്ത് പന്തില്‍ 16 റണ്‍സുമായി ബെഹാര്‍ദീനായിരുന്നു ഡുമിനിക്കൊപ്പം ക്രീസില്‍. തുടക്കത്തില്‍ പതറിയ അവരെ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്നാണ് ഡുമിനി- ക്ലാസന്‍ സഖ്യം വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ രണ്ട് വിക്കറ്റെടുത്ത് ഉനദ്കട് ഭേദപ്പെട്ട് നിന്നു. റിസ്റ്റ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനാണ് ശരിക്കം കിട്ടിയത്. താരത്തിന്റെ നാലോവറില്‍ ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത് 64 റണ്‍സ്. ക്ലാസനാണ് കളിയിലെ താരം.
നേരത്തെ ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങിന് വിട്ട ഡുമിനിയുടെ തീരുമാനം തുടക്കത്തില്‍ ഫലം കണ്ടു. 90 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മുന്‍ നായകന്‍ ധോണി- മനീഷ് പാണ്ഡെ സഖ്യമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
മനീഷ് പാണ്ഡെ 48 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും സഹിതം 79 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ധോണി 28 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 52 റണ്‍സെടുത്തു. റെയ്‌ന 24 പന്തില്‍ 31 റണ്‍സ് കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."