കേരളം ക്വാര്‍ട്ടറില്‍
കോഴിക്കോട്: ദേശീയ സീനിയര്‍ വോളി ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകള്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ക്വാര്‍ട്ടറിലേക്ക് കടന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ആന്ധ്രാപ്രദേശിനെ തറപറ്റിച്ച് കേരളത്തിന്റെ പുരുഷ വിഭാഗം വിജയിച്ചപ്പോള്‍ ഉത്തര്‍പ്രദേശിനെ വീഴ്ത്തിയാണ് വനിതാ വിഭാഗത്തിന്റെ മുന്നേറ്റം.
പുരുഷ വിഭാഗത്തില്‍ അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ കേരളത്തിന്റെ സ്വപ്നങ്ങളെ തകര്‍ത്തെറിയുന്ന ശക്തമായ മുന്നേറ്റമാണ് ആന്ധ്ര കാഴ്ചവച്ചത്. ആദ്യ രണ്ട് സെറ്റുകളില്‍ 27-25, 25-23 എന്ന സ്‌കോറിന് ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് കേരളം വിജയിച്ചത്. എന്നാല്‍ മിന്നും സ്മാഷുകളും മികച്ച പ്രതിരോധവുമായി കേരളത്തെ വിറപ്പിച്ച ആന്ധ്രയുടെ ഒന്‍പതാം നമ്പര്‍ താരം ടി നരേഷ് പരുക്കേറ്റ് കളിക്കളം വിട്ടതോടെ മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ തന്നെ ആന്ധ്ര ടീം പതറി. അവരുടെ തിരിച്ചടിക്കാനുള്ള മോഹങ്ങളും അതോടെ തീര്‍ന്നു. പിന്നീട് കേരളത്തിന്റെ ആക്രമണങ്ങള്‍ പ്രതിരോധിക്കാനാകാതെ തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
അനായാസം വനിതകള്‍
കേരള വനിതകള്‍ ദുര്‍ബലരായ ഉത്തര്‍പ്രദേശിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് (25-15, 25-10, 25-14 മുന്നേറിയത്. നിലവിലെ രണ്ടാം സ്ഥാനക്കാരായ മലയാളി പെണ്‍പട മത്സരത്തിന്റെ ഒരുഘട്ടത്തില്‍ പോലും എതിരാളികള്‍ക്ക് അവസരം നല്‍കാതെയാണ് വിജയം പിടിച്ചത്. ഉജ്വല ഫോമില്‍ കളിക്കുന്ന അഞ്ജു ബാലകൃഷ്ണന്റെയും ക്യാപ്റ്റന്‍ അഞ്ജു മോളുടേയും ജംപിങ് സ്മാഷുകള്‍ പ്രതിരോധിക്കാനാകാതെ എതിര്‍ ടീം പതറുന്ന കാഴ്ചയാണ് മത്സരത്തിലുടനീളം കാണാനായത്. തുടര്‍ച്ചയായി സര്‍വ്വ് പോയിന്റുകള്‍ നേടി എന്‍.എസ് ശരണ്യയും യു.പിയെ വെള്ളംകുടിപ്പിച്ചു. മൂന്നാം സെറ്റില്‍ മാത്രമാണ് യു.പി ലീഡ് നേടിയത്. ക്രമേണ മൂന്നാം പോരിലും മികവിലേക്കുയര്‍ന്ന കേരളം മികച്ച പ്ലേസുകളും ബ്ലോക്കുകളും സ്മാഷുകള്‍ ഉതിര്‍ത്ത് സ്വപ്നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ കാണികളുടെ പ്രതീക്ഷകള്‍ക്കൊപ്പം സഞ്ചരിച്ചു.
ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ പോണ്ടിച്ചേരി- അസമിനെ 25-23, 25-19, 25-19 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ഒഡിഷ- മഹാരാഷ്ട്രയെ 25-19, 25-22, 25-20 എന്ന സ്‌കോറിനും ഗുജറാത്ത്- ഉത്തര്‍പ്രദേശിനെ 25-17, 26-24, 25-12 എന്ന സ്‌കോറിനും കീഴടക്കി. മധ്യപ്രദേശ്- ത്രിപുരയെ 25-11, 25-7, 25-17 എന്ന സ്‌കോറിന് അനായാസം പരാജയപ്പെടുത്തി. കടുത്ത പോരാട്ടം കണ്ട ബിഹാര്‍- ജമ്മു കശ്മിര്‍ മത്സരം അഞ്ച് സെറ്റുകള്‍ നീണ്ടു. മത്സരം ബിഹാര്‍ 3-2ന് സ്വന്തമാക്കി. സ്‌കോര്‍: 21-25, 25-23, 25-27, 27-25, 15-6.
വനിതാ പോരാട്ടത്തില്‍ ഇന്ത്യന്‍ റെയില്‍വേസ്- തമിഴ്‌നാടിനെ വീഴ്ത്തി. മൂന്ന് സെറ്റ് പോരാട്ടത്തില്‍ 26-24, 25-11, 25-16 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ റെയില്‍വേസ് വിജയം സ്വന്തമാക്കിയത്. പഞ്ചാബ്- പോണ്ടിച്ചേരിയെ മൂന്ന് സെറ്റ് പോരാട്ടത്തില്‍ 25-13, 25-18, 25-14 എന്ന സ്‌കോറിനും കര്‍ണാടക- ബിഹാറിനെ 25-3, 25-4, 25-7 എന്ന സ്‌കോറിനും അനായാസം വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."