ടോമിനെ മറന്ന സംഘാടകര്‍ക്കെതിരേ വ്യാപക പ്രതിഷേധം
കോഴിക്കോട്(കുറ്റ്യാടി): വീണ്ടുമൊരു ദേശീയ മത്സരം കോഴിക്കോട്ടെത്തിയിട്ടും അത്രയങ്ങ് ആവേശത്തിമിര്‍പ്പിലല്ല വോളിബോളിനെ ഹൃദയ വികാരമായി കാണുന്ന ജില്ലയിലെ വോളി പ്രേമികള്‍. പകപോക്കലെന്ന തരംതാഴ്ന്ന സമീപനം സ്വീകരിച്ച് അര്‍ജുന അവാര്‍ഡ് ജോതാവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ ടോം ജോസഫിനെ സ്വന്തം മണ്ണില്‍ നടക്കുന്ന 66ാമത് ദേശീയ സീനിയര്‍ വോളി മത്സരത്തിലെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പോലും മാറ്റിനിര്‍ത്തിയതാണ് വോളി പ്രേമികളുടെ ആവേശം കെടുത്താനിടയാക്കിയ കാരണങ്ങളില്‍ പ്രധാനം. ടോമിനെ അകാരണമായി മാറ്റിനിര്‍ത്തിയ സംഘാടകര്‍ക്കെതിരേ സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജന്‍മനാടായ കുറ്റ്യാടിയിലൂടെ ചാംപ്യന്‍ഷിപ്പിന്റെ ദീപശിഖ പ്രയാണം നടത്തിയപ്പോഴും ടോമിനെ അറിയിക്കാനുള്ള സാമാന്യ മര്യാദ ബന്ധപ്പെട്ടവര്‍ കാട്ടിയില്ല. അര്‍ജുന അവാര്‍ഡ് ലഭിക്കുന്നതില്‍ നേരിട്ട അവഗണനയുടെ തുടര്‍ച്ചയാണ് താരം ഇപ്പോഴും അനുഭവിക്കുന്നത്. ജിമ്മിജോര്‍ജിന് ശേഷം ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച വോളിബോള്‍ താരമായ, ഒന്നര പതിറ്റാണ്ടിലേറെ കാലമായി ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു താരത്തോടാണ് ഇങ്ങനെയെല്ലാം പെരുമാറുന്നത്. ഇത്രയും വര്‍ഷം തുടര്‍ച്ചയായി വോളിബോളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച മറ്റൊരു താരവുമില്ല.
കഴിഞ്ഞ തവണ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ അഴിമതിയുടെയും ചട്ടം പാലിക്കാത്തതിന്റെയും പേരില്‍ കേരള സ്‌പോട്‌സ് കൗണ്‍സില്‍ സംസ്ഥാന വോളിബോള്‍ അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അസോസിയേഷനെതിരെ ടോം ശക്തമായി രംഗത്ത് വന്നതിന്റെ പക വീട്ടലാണ് ഇപ്പോഴത്തെ നടപടികളെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അന്ന് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നവരില്‍പെട്ടയാളാണ് നിലവിലെ ദേശീയ ചാംപ്യന്‍ഷിപ്പിന്റെ സംഘാടക സമിതി കണ്‍വീനര്‍. ചില ഉപാധിയോടെ നടന്ന മധ്യസ്ഥതയില്‍ അന്നുണ്ടായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെട്ടിരുന്നു. സെക്രട്ടറിയായിരുന്ന നാലകത്ത് ബഷീറും പ്രസിഡന്റ് ചാര്‍ലി ജോക്കബും തത്സ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കലായിരുന്നു ഉപാധി. എന്നാല്‍ വോളിബോള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് സെക്രട്ടറി എന്ന സ്ഥാന ബലത്തില്‍ നാലകത്ത് ബഷീര്‍ വീണ്ടും വലിയ ഇടപെടലുകളാണ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അസോസിയേഷന്റെ ദൈനംദിന കാര്യങ്ങളില്‍ ഒരു കാരണവശാലും ഇടപെടാന്‍ പാടില്ലെന്നിരിക്കെ കഴിഞ്ഞ ദിവസം നടന്ന കേരള ടീമിന്റെ ക്യാപ്റ്റന്‍മാരെ തിരഞ്ഞെടുത്തത് വരെ ബഷീറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ ബഷീറിനെ പുറത്താക്കിയ കൗണ്‍സില്‍ പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികള്‍ അദ്ദേഹത്തോടൊപ്പം വീണ്ടും വേദി പങ്കിട്ടതില്‍ കൗണ്‍സിലിനുള്ളില്‍ തന്നെ വലിയ അതൃപ്തിയുണ്ട്. ഫെഡറേഷനിലെ തമ്മിലടി കാരണം സംഘടനയ്ക്ക് അംഗീകാരം നഷ്ടമാക്കിയെന്നും ഇപ്പോള്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പിന് ദേശീയ പദവി അവകാശപ്പെടാനാകില്ലെന്നുമുള്ള ആക്ഷേപവമുയര്‍ന്നിട്ടുണ്ട്. ഇക്കാരണത്താലാണ് നേരത്തെ ചാംപ്യന്‍ഷിപ്പ് നടത്താനിരുന്ന സംസ്ഥാനം വേദിയാകുന്നതില്‍ നിന്ന് പിന്‍മാറിയതെന്നും പറയപ്പെടുന്നു. അംഗീകാരം മറച്ചുവച്ച് സ്‌പോണ്‍സര്‍ഷിപ്പിലൂടെ പണം തട്ടാനുള്ള കേവലം മത്സരം മാത്രമാണ് ഇപ്പോള്‍ കോഴിക്കോട്ട് നടക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കളിയെ ആത്മാര്‍ഥതയോടെ കാണുന്നയാളാണ് ടോം. അതിനെ അഴിമതിയുടെ കരങ്ങളിലൂടെ ചലിപ്പിക്കാന്‍ ചിലര്‍ ഒരുങ്ങിയപ്പോള്‍ ആത്മാര്‍ത്ഥതയുള്ള കളിക്കാരനെന്ന നിലയില്‍ പ്രതികരിച്ചതാണ് ചിലരെ ചൊടിപ്പിച്ചതും ഇപ്പോള്‍ മാറ്റിനിര്‍ത്തപ്പെടല്‍ അടക്കമുള്ള കാര്യങ്ങളിലേക്കെത്തിച്ചതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."