പ്ലേയോഫ് മോഹിക്കാന്‍ ജയിക്കണം
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ഫുട്‌ബോളിന്റെ നാലാം പതിപ്പില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിധി നിര്‍ണയിക്കുന്ന ദിനം. കൊച്ചിയിലെ സ്വന്തം തട്ടകത്തില്‍ ഇന്ന് ജയിക്കാനായാല്‍ പ്ലേയോഫിലേക്കുള്ള സാധ്യത നിലനിര്‍ത്താം. സമനിലയോ തോല്‍വിയോ സംഭവിച്ചാല്‍ കലിപ്പടക്കി, കടം വീട്ടി കപ്പടിക്കാന്‍ അഞ്ചാം പതിപ്പ് വരെ കാത്തിരിക്കാം. ഇന്ന് ജയിച്ചാല്‍ മാത്രം ബ്ലാസ്റ്റേഴ്‌സിന്റെ സെമി സാധ്യത കൂടുന്നില്ല. മാര്‍ച്ച് ഒന്നിന് അവസാന മത്സരത്തില്‍ ബംഗളൂരു എഫ്.സിയെ കീഴടക്കണം. മാത്രമല്ല, ജംഷഡ്പൂരും ഗോവയും ഇനി പന്തുതട്ടുന്ന കളികളുടെ ഫലവും വിധിയില്‍ നിര്‍ണായകമാണ്. ജംഷഡ്പൂരും ഗോവയും തോറ്റാല്‍ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് രക്ഷയുള്ളു. ഭാഗ്യവും കണക്കിലെ കളിയും പിന്നെ പ്രാര്‍ഥനകളും തുണച്ചാല്‍ പ്ലേ ഓഫിന് കൊച്ചിയിലും പന്തുരുളും.
നോക്കൗട്ട് ത്രിശങ്കുവില്‍
അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പോയിന്റ് സമ്പാദ്യം 16 കളികളില്‍ നിന്ന് 24. നാലാം സ്ഥാനക്കാരായ ജംഷഡ്പൂര്‍ 16 കളികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 26 പോയിന്റ് സമ്പാദ്യം. ചെന്നൈയിനെയും ബംഗളൂരുവിനെയും തോല്‍പിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് 30 പോയിന്റാകും. ജംഷഡ്പൂരിന് രണ്ട് മത്സരങ്ങളില്‍ ജയിക്കാനായാല്‍ 32 പോയിന്റും. സ്വന്തം പോരാട്ടവും ജംഷഡ്പൂരിന്റെ ജയപരാജയവും ബ്ലാസ്റ്റേഴ്‌സിന്റെ വിധി നിര്‍ണയിക്കും. ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ ശരാശരി പൂജ്യമാണ്. 20 ഗോള്‍ അടിച്ച ബ്ലാസ്റ്റേഴ്‌സ് അത്രയും തന്നെ വാങ്ങികൂട്ടി. ഗോള്‍ ശരാരി മൂന്നുള്ള ജംഷഡ്പൂര്‍ 16 എണ്ണം അടിച്ചപ്പോള്‍ 13 ഗോളാണ് തിരിച്ചു വാങ്ങിയത്. ബ്ലാസ്റ്റേഴ്‌സിന് ഭീഷണിയായ ഗോവ 15 കളികളില്‍ നിന്ന് 21 പോയിന്റുമായി ആറാം സ്ഥാനത്താണ്.
നാലാം പതിപ്പിലെ ആദ്യ ഘട്ടത്തിലെ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്. റെനെ മ്യൂളന്‍സ്റ്റീന് പകരക്കാരനായി ഡേവിഡ് ജെയിംസ് വന്നതോടെയാണ് മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തത്. 34 പോയിന്റുമായി ബംഗളൂരു എഫ്.സി സെമി ഫൈനലില്‍ എത്തി. 29 പോയിന്റുമായി എഫ്.സി പൂനെ സിറ്റിയും 28 പോയിന്റുള്ള ചെന്നൈയിനും പ്ലേയോഫിന് തൊട്ടടുത്താണ്. ഇന്ന് വിജയിക്കാനായാല്‍ ചെന്നൈയിന് സെമി ഉറപ്പിക്കാം.
ജീവന്‍മരണ പോരാട്ടം
നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കിയതിന്റെ ആവേശത്തിലാണ് ജീവന്‍മരണ പോരാട്ടത്തിന് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒരു തോല്‍വിയും മൂന്ന് ജയവും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. എ.ടി.കെയെ സമനിലയില്‍ കുരുക്കിയതും എഫ്.സി ഗോവക്കെതിരേയുള്ള തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേയോഫ് സാധ്യത സങ്കീര്‍ണമാക്കിയത്. ചെന്നൈയിനെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ കുരുക്കാനായത് ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം നല്‍കുന്നു. സമീപകാലത്തെ മെച്ചപ്പെട്ട പ്രകടനം ചെന്നൈയിനെ നേരിടുന്നതിന് കരുത്താകും.
നോര്‍ത്ത് ഈസ്റ്റിനെ നേരിട്ട ടീമില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. പ്ലേ മേക്കറുടെ റോളില്‍ പുള്‍ഗ ആദ്യ ഇലവനില്‍ ഇറങ്ങും. സൂപ്പര്‍ താരം ദിമിത്രി ബെര്‍ബറ്റോവ് ഇന്നും പകരക്കാരന്റെ റോളില്‍ തന്നെയാവും. ഇയാന്‍ ഹ്യൂമിന്റെ അഭാവം നിര്‍ണായക പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ വലയ്ക്കും.
ഉറപ്പിക്കാന്‍ സൂപ്പര്‍ മച്ചാന്‍സ്
പ്രതിരോധത്തിലെ വിള്ളലാണ് ചെന്നൈയിന്‍ എഫ്.സിയെ കുഴക്കുന്നത്. അവസാനം കളിച്ച അഞ്ച് പോരാട്ടങ്ങളില്‍ രണ്ട് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് സമ്പാദ്യം. അവസാനം കളിച്ച മത്സരത്തില്‍ ജംഷഡ്പൂരിനോട് 1-1 ന്റെ സമനില പാലിക്കേണ്ടി വന്നു. ഇന്ത്യന്‍ സ്‌ട്രൈക്കര്‍ ജെജെ ലാല്‍പെഖുലെയാണ് ചെന്നൈയിന്‍ മുന്നേറ്റത്തിന്റെ കുന്തമുന. റാഫേല്‍ അഗസ്റ്റൂസോ, മെയില്‍സണ്‍ ആല്‍വസ്, ഹെന്റിക് സെറേനോ, ഇനിഗോ കാള്‍ഡണ്‍, ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസ് എന്നിവരിലാണ് ചെന്നൈയിന്‍ എഫ്.സിയുടെ പ്രതീക്ഷ. ബ്ലാസ്റ്റേഴ്‌സിനെ കൊച്ചിയിലെ പുല്‍ത്തകിടിയില്‍ വീഴ്ത്തി സെമി ഉറപ്പിക്കാനാണ് സൂപ്പര്‍ മച്ചാന്‍സ് മോഹിക്കുന്നത്. അതുകൊണ്ടു തന്നെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് പന്തുരുളുമ്പോള്‍ സൗത്ത് ഇന്ത്യന്‍ ഡര്‍ബിക്ക് വീര്യം കൂടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."