ആവേശം വിതറും സമരനായകന്‍: കത്തിക്കയറുന്നു സുധാകരന്‍
കണ്ണൂര്‍: കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണായക ഘട്ടത്തില്‍ സമര കേന്ദ്രമാണ് എക്കാലവും കെ. സുധാകരന്‍.
ഇതിനാല്‍ തന്നെയാണ് എതിര്‍ കക്ഷികളില്‍ നിന്ന് എതിര്‍പ്പിന്റെ പടതന്നെ ഉയര്‍ന്നിട്ടും ഇദ്ദേഹം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനാകുന്നത്.
1997ലാണ് കേരള രാഷ്ട്രീയത്തില്‍ കെ. സുധാകരനും കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയവും ആദ്യം കേന്ദ്രബിന്ദുവാക്കുന്നത്.
പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്‌നമാണ് സുധാകരനെ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നയിച്ചത്. 15 ദിവസത്തെ നിരാഹാര സമരത്തില്‍ വിജയ പതാക പാറിച്ച് കണ്ണൂരില്‍ കരുത്ത് തെളിയിച്ചു. 1997ല്‍ തിരഞ്ഞെടുപ്പിന് ശേഷം ഒരു വിഭാഗം കോണ്‍ഗ്രസ് അംഗങ്ങള്‍ സി.പി.എമ്മുമായി ധാരണയിലെത്തി ഭരണം അട്ടിമറിക്കുകയായിരുന്നു.
പിന്നീട് കോടതി ഇടപെടലും ശക്തമായ പ്രതിഷേധവുമുണ്ടായിട്ടും ഭരണമാറ്റം ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് കെ. സുധാകരന്റെ നേതൃത്വത്തില്‍ പയ്യാവൂരില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുന്നത്.
ഇ.കെ നായനാര്‍ മന്ത്രിസഭാകാലത്താണ് കേരള രാഷ്ട്രീയം പയ്യാവൂരിലേക്ക് ഒഴുകിയെത്തിയത്.
ഇതിന് സമാനമായാണ് തന്റെ പ്രിയ ശിഷ്യനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ എടയന്നൂരിലെ ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കലട്രേറ്റ് പടിക്കല്‍ ആരംഭിച്ച സമരം.
സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുവരെ നിരാഹാരത്തിലാണ് കെ. സുധാകരന്‍. നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടക്കുന്നതോടെ കണ്ണൂര്‍ കേരള രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമുറപ്പിക്കുകയാണ് കെ. സുധാകരന്‍.
സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് നേതാക്കളും യു.ഡി.എഫ് അംഗങ്ങളും കണ്ണൂരിലേക്ക് എത്തുന്നുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം കാര്യമായൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് മട്ടന്നൂര്‍ എടയന്നൂരിലെ ശുഹൈബിനെ ഒരുസംഘം വെട്ടികൊലപ്പെടുത്തുന്നത്. സംഭവത്തിന് സി.പി.എം ആണെന്ന് വ്യക്തമായ സൂചന നല്‍കികൊണ്ടാണ് പ്രതികളുടെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി.
പുറത്തുവരുന്ന വിവരങ്ങളും സി.പി.എമ്മിനെ വിരല്‍ചൂണ്ടുന്നുണ്ട്. ഇതോടെയാണ് കെ. സുധാകരന്‍ സമരകേന്ദ്രമായി കോണ്‍ഗ്രസ് വീണ്ടും കത്തിപടരുന്നത്. 2014ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പി.കെ ശ്രീമതിയോട് പരാജയപ്പെടുന്നതോടെ കെ. സുധാകരന്‍ അപ്രസക്തനാകുകയായിരുന്നു.
എന്നാല്‍ പ്രിയ ശിഷ്യന്റെ മരണവാര്‍ത്തയറിഞ്ഞ് വിദേത്ത് നിന്നും പറന്നെത്തി സുധാകരന്‍ ധര്‍മ സമരത്തിന്റെ പതാക ഏറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."