ആകാശിനെയും റിജിന്‍രാജിനെയും സാക്ഷികള്‍ തിരിച്ചറിഞ്ഞു, ഇനി സംശയമില്ലെന്ന് സുധാകരന്‍
കണ്ണൂര്‍: എടയന്നൂരിലെ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ടു പ്രതികളും കൊലയാളിസംഘത്തിലുള്ളവരാണെന്ന് ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച കണ്ണൂര്‍ സ്‌പെഷല്‍ സബ്ജയിലില്‍ കണ്ണൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് ആകാശ് തില്ലങ്കേരിയെയും റിജിന്‍ രാജിനെയും ദൃക്‌സാക്ഷികളും അക്രമത്തില്‍ പരുക്കേറ്റവരുമായ നൗഷാദ്, റിയാസ് എന്നിവര്‍ തിരിച്ചറിഞ്ഞത്. ഇരുവരും യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.
ഇവര്‍ ഉള്‍പ്പെടെ മൂന്നു സാക്ഷികളെയായിരുന്നു തിരിച്ചറിയല്‍ പരേഡിന് എത്തിച്ചത്. തെരൂരിലെ ചായക്കടയില്‍ വച്ചായിരുന്നു ഇക്കഴിഞ്ഞ 12ന് രാത്രി വാഗണര്‍ കാറിലെത്തിയ നാലംഗ സംഘം യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായ ശുഹൈബിനെ വെട്ടിക്കൊന്നത്. 18നാണ് തില്ലങ്കേരി വഞ്ഞേരിയിലെ എം.പി ആകാശ്(24), കരുവള്ളിയിലെ റിജിന്‍രാജ്(24) എന്നിവര്‍ അറസ്റ്റിലായത്.
അറസ്റ്റിലായ ആകാശ് കൊലയാളിസംഘത്തില്‍ ഇല്ലായിരുന്നുവെന്ന് നൗഷാദ് നേരത്തെ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് യഥാര്‍ഥ പ്രതികളെയല്ല പൊലിസ് അറസ്റ്റ് ചെയ്തതെന്ന കോണ്‍ഗ്രസ് വാദത്തിന് പ്രാധാന്യമേറിയത്. അതിനിടെ കേസില്‍ ഡമ്മി പ്രതികളെ നല്‍കി രക്ഷപ്പെടുത്താമെന്ന് പാര്‍ട്ടി നേതൃത്വം ഉറപ്പുനല്‍കിയിരുന്നെന്ന ആകാശിന്റെ മൊഴിയും പുറത്തുവന്നു. എന്നാല്‍, നൗഷാദ് പ്രതികളെ തിരിച്ചറിയുകയായിരുന്നു.
സാക്ഷികളുടെ സുരക്ഷ കണക്കിലെടുത്ത് ഇവരെ ജയിലില്‍ പൊലിസ് വാഹനം എത്തിച്ച് തിരിച്ചറിയല്‍ പരേഡിന് ശേഷം പുറത്തുകൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കെ.സുധാകരന്‍ നിരാഹാരം കിടക്കുന്ന കലക്‌ട്രേറ്റ് പടിക്കലിലെ സമരപ്പന്തലിലെത്തി. അറസ്റ്റിലായവര്‍ ഡമ്മി പ്രതികളല്ലെന്നും സാക്ഷികള്‍ തിരിച്ചറിഞ്ഞതാണ് പ്രധാനമെന്നും പിന്നീട് കെ.സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഇനി സംശയമില്ലെന്ന് കെ സുധാകരന്‍
ശുഹൈബ് വധക്കേസില്‍ അറസ്റ്റിലായ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞതോടെ, പ്രതികള്‍ ഡമ്മികളാണെന്ന സംശയം ഇല്ലാതായെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകന്‍. വധക്കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ നിരാഹാര സമരം തുടരുകയാണ് സുധാകരന്‍. സാക്ഷികള്‍ തിരിച്ചറിഞ്ഞാല്‍ അതാണ് ശരി. ഇതുവരെയുള്ള പൊലിസ് നടപടികള്‍ ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
സുധാകരന്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹം അഞ്ചു ദിവസം പിന്നിട്ടു. അതിനിടെ സുധാകരന്റെ ആരോഗ്യനില വഷളായതിനാല്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ ജില്ലാ കലക്ടര്‍ക്കും ഡി.എം.ഒയ്ക്കും റിപ്പോര്‍ട്ട് നല്‍കി. നിരാഹാരം അവസാനിപ്പിക്കണമെന്ന് കലക്ടര്‍ സുധാകരനോടും ഡി.സി.സി പ്രസിഡന്റെ് സതീശന്‍ പാച്ചേനിയോടും നോട്ടിസ് വഴി ആവശ്യപ്പെട്ടെങ്കിലും സി.ബി.ഐ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സുധാകരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."