'ഒപ്പം' പദ്ധതിയുമായി പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍
തൃശൂര്‍: പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന പദ്ധതികള്‍ പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിനായി ഒപ്പം എന്ന പേരില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. കോര്‍പറേഷന്റെ പദ്ധതി അവലോകന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഒരു എസ്.ടി കോളനി കോര്‍പറേഷന്‍ ദത്തെടുക്കും. കോര്‍പറേഷന്റെ അംഗീകൃത മൂലധനം 150 കോടിയില്‍ നിന്ന് 200 കോടിയായി ഉയര്‍ത്തി. ജാമ്യവ്യവസ്ഥയെന്ന തടസ്സം മറികടക്കുന്നതിനായി കുടുംബശ്രീയുമായിചേര്‍ന്ന് മൈക്രോ ഫിനാന്‍സ് പദ്ധതിക്കു തുടക്കംകുറിച്ചു. 30 സെന്റ് കൃഷി ഭൂമി വാങ്ങുന്നതിന് ആറു ശതമാനം പലിശനിരക്കില്‍ അമ്പതിനായിരം രൂപ സബ്‌സിഡി ഉള്‍പ്പെടെ നാലരലക്ഷം രൂപ വായ്പ അനുവദിക്കും. ഒരു ലക്ഷം രൂപ സബ്‌സിഡിയുള്‍പ്പെടെ രണ്ടു ലക്ഷം രൂപയുടെ വിദേശ തൊഴില്‍ വായ്പ. പെട്രോളിയം ഡീലര്‍മാര്‍ക്ക് 7.5 ലക്ഷം രൂപയുടെ ധനസഹായം, അഞ്ചു ലക്ഷം മുതല്‍ ഏഴര ലക്ഷം രൂപ വരെ എട്ടു ശതമാനം പലിശനിരക്കില്‍ കാര്‍ വായ്പ, ഭവന പുനരുദ്ധാരണ പദ്ധതി, പ്രവാസ് പുനരധിവാസ പദ്ധതി തുടങ്ങിയവ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വായ്പ തിരിച്ചടവില്‍ കോര്‍പറേഷന്‍ 91.4 ശതമാനം നേട്ടം കൈവരിച്ചതായും വിവിധ പദ്ധതികളിലായി 1,78,000ത്തിലേറെ ഗുണഭോക്താക്കള്‍ക്ക് 536.56 കോടി രൂപ വായ്പ നല്‍കിയതായും മന്ത്രി അറിയിച്ചു. ഈ വര്‍ഷം 60 കോടിയുടെ വായ്പാ വിതരണമാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."